ലേബർ കോഡുകൾ പിൻവലിക്കുക

തിരുവല്ല
രാജ്യത്തെ തൊഴിലാളികളെ അടിമകളാക്കുന്ന തൊഴിൽ നിയമഭേദഗതി വിജ്ഞാപനം പിൻവലിക്കണമെന്ന് സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണമുള്ളപ്പോഴാണ് പാർലമെന്റിന്റെ ഇരുസഭകളും ചർച്ച ചെയ്യാതെ 29 തൊഴിൽ നിയമങ്ങൾ ഏകീകരിച്ചത്.
2025 നവംബർ 21 രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചു. പാർലമെന്റിൽ ലേബർ സ്‌റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ച ഒരു മാറ്റവും വരുത്താൻ സർക്കാർ തയ്യാറായില്ല. തൊഴിലാളികളുടെ ജീവിതസുരക്ഷ ഉറപ്പാക്കുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിനുപകരം കോർപറേറ്റ് താൽപ്പര്യങ്ങൾ നടപ്പാക്കാനാണ് ഇൗ ലേബർ കോഡുകൾ. സ്വകാര്യവൽക്കരണത്തെ ത്വരിതപ്പെടുത്തുന്നതാണിത്. തൊഴിൽ വകുപ്പിന്റെ ലേബർ ഇൻസ്‌പെക്ഷൻ ഇല്ലാതാക്കുന്നു. 12 മണിക്കൂർ വരെ ജോലിസമയം നീട്ടാനും തൊഴിലാളികൾക്ക് അവകാശങ്ങൾ ചോദിക്കാനുമുള്ള അവകാശം പോലും നിഷേധിക്കുന്നതാണിത്. സിവിൽ സർവീസിനെയും ലേബർ കോഡുകൾ തകർക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ലേബർ വകുപ്പിന്റെ ഭാവി തന്നെ അനിശ്‌ചിതത്വത്തിലാകും. രാജ്യത്തെ ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തി തൊഴിലാളിവർഗ താൽപര്യം മുൻനിർത്തി ലേബർ കോഡുകൾ പിൻവലിക്കണം. 2026 ജനുവരിയിൽ രൂപീകരിച്ച വി ഗോപാൽ ഗൗഡ കമീഷൻ കേന്ദ്രത്തിനുമുമ്പാകെ സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാനം തയ്യാറാവണമെന്നും എൻ സജികുമാർ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.









0 comments