ഭൂമിക്കടിയിലെ അതിശയ തുരങ്കം
പി ആർ ചന്തു കിരൺ
Published on Nov 08, 2026, 12:00 AM | 1 min read
തിരുവനന്തപുരം
നഗരഹൃദയ ധമനിപോലെ മ്യൂസിയം– വെള്ളയന്പലം റോഡിന് അടിയിൽ നൂറ്റാണ്ട് പഴക്കമുള്ള എൻജിനിയറിങ് അത്ഭുതം. ഭീമാകാരനൊരു പൈപ്പ് കടന്നുപോകുന്ന തുരങ്കപാത. അരുവിക്കരയിൽനിന്ന് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പാണിത്. വെല്ലിങ്‌ടൺ വാട്ടർ വർക്‌സിന്റെ ഭാഗമായി നിർമിച്ച് 1933ൽ കമീഷൻ ചെയ്‌ത തുരങ്കത്തിലൂടെ 1000 വീടുകളിലേക്കാണ് വെള്ളം എത്തിച്ചത്. ഇന്നത് മൂന്നരലക്ഷത്തോളം കണക്ഷനുകൾ. വെള്ളയന്പലത്ത് വാട്ടർ അതോറിറ്റിയുടെ ആസ്ഥാനമായ ജലഭവനിൽനിന്ന് ഇൗ തുരങ്കത്തിലേക്ക് പ്രവേശിക്കാനുള്ള കവാടമുണ്ട്. വാട്ടർ അതോറിറ്റി എംഡി എസ് പ്രേം കൃഷ്‌ണൻ തുരങ്കത്തെക്കുറിച്ച് വീഡിയോ ചെയ്തതോടെ വീണ്ടും ജനശ്രദ്ധയിലെത്തി. പുതിയ ദൗത്യവുമായി എത്തിയ ഇടത്തെ കൗതുകം എന്നതിനപ്പുറം എൻജിനിയറിങ് വൈദഗ്ധ്യമാണ് ശ്രദ്ധിച്ചതെന്ന് പ്രേം കൃഷ്‌ണൻ പറയുന്നു. സുർക്കി മിശ്രിതത്തിലാണ് നിർമിതി. തുരങ്കത്തിന് മുകളിലൂടെ വാഹനങ്ങൾ ചീറിപായുന്ന ശബ്ദം അകത്തേക്ക് കേള്‍ക്കില്ല. 19 കിലോമീറ്റര്‍ അകലെയുള്ള അരുവിക്കരയില്‍ നിന്ന് ഇവിടേക്ക് വെള്ളം എത്തിക്കുന്നതാകട്ടെ മോട്ടോർ സംവിധാനങ്ങളില്ലാതെ ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തിയാണെന്ന് മറ്റൊരു അത്ഭുതം. കാസ്റ്റ് അയണിലുള്ള 31 പൈപ്പുകളാണ് ജലഭവനിലെ തുരങ്കത്തിലുള്ളത്. എല്ലാം ബ്രിട്ടണിൽനിന്ന് കപ്പലിൽ എത്തിയത്. 120 മീറ്റർ തുരങ്കമാണ് ജലഭവനുള്ളിൽ വരുന്നത്. മുമ്പ് പേരൂർക്കട, കവടിയാർ എന്നിവിടങ്ങളിലെ മാൻഹോളിലൂടെയും ഇതിലേക്ക് ഇറങ്ങാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുരങ്കപാത പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ മുൻ എൽഡിഎഫ് സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, തുരങ്കത്തിന് തൊട്ടടുത്ത് ജലശുദ്ധീകരണകേന്ദ്രം എന്നതിനാലാണ് ഒഴിവാക്കിയത്. 1928ലാണ് വെല്ലിങ്‌ടൺ വാട്ടർ വർക്‌സ് പ്രവർത്തനം തുടങ്ങിയത്. 1933 ഡിസംബർ 13ന് അരുവിക്കരയിൽനിന്ന് എത്തിച്ച്, ശുദ്ധീകരിച്ച വെള്ളം കുടിച്ചാണ് പദ്ധതി വൈസ്രോയി വെല്ലിങ്‌ടൺ ഉദ്‌ഘാടനം ചെയ്‌തത്. പ്രവൃത്തി തുടങ്ങുന്പോൾ തിരുവിതാംകൂറിൽ ഭരണാധികാരി സേതുലക്ഷ്‌മിഭായിയും അവസാനിക്കുന്പോൾ ചിത്തിര തിരുനാൾ ബാലരാമ വർമയും.










0 comments