പരാതിക്കാരൻ സിഐയുടെ ബന്ധു
എസ്ഐ കസ്റ്റഡിയിൽ എടുത്തത് സിഐയോടുള്ള വൈരാഗ്യത്താലെന്ന്

നെടുമങ്ങാട്
ബന്ധുവായ സിഐയോടുള്ള മുൻവൈരാഗ്യത്തിന്റെ പേരിലാണ് നെടുമങ്ങാട് എസ്ഐ തന്നെ കസ്റ്റഡിയിൽ എടുത്തതെന്നുകാട്ടി ആഭ്യന്തര മന്ത്രിക്ക് പരാതി. നെടുമങ്ങാട് സ്റ്റേഷനിൽ പരാക്രമം നടത്തി സസ്‌പെൻഷനിലായ സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ സിഐ യഹിയയുടെ ബന്ധു ചുള്ളിമാനൂർ ബൈത്തുൽമന്നത്തിൽ അൽത്താഫാണ് പരാതി നൽകിയത്. ഇക്കഴിഞ്ഞ 16ന് രാത്രിയാണ് അൽത്താഫിനെയും കൂട്ടാളികളെയും നെടുമങ്ങാട് എസ്ഐ കസ്റ്റഡിയിലെടുത്തത്. ഇവരെ മോചിപ്പിക്കാൻ സ്റ്റേഷനിലെത്തിയ സിഐ യഹിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പെറ്റി കേസുമാത്രം ചുമത്തി പ്രതികളെ പൊലീസ് വിട്ടയച്ചു. അർധരാത്രിയിൽ ആയുധങ്ങളുമായി വഴിമധ്യേ കണ്ടതിനാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തതെന്നായിരുന്നു പൊലീസ് ആദ്യം എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. ആയുധങ്ങൾ ഒഴിവാക്കി കേസിനെ പൊലീസ് പിന്നീട് പെറ്റിക്കേസാക്കി മാറ്റുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്നാണ് സിഐ യഹിയയെ സസ്പെൻഡ് ചെയ്തത്. ഈ സംഭവത്തിലാണ് യഹിയയുടെ ബന്ധു അൽത്താഫ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.










0 comments