അർബുദ ചികിത്സാരംഗത്ത് നൂതന സംവിധാനങ്ങൾ ലഭ്യമാക്കി: മുഖ്യമന്ത്രി

തിരുവനന്തപുരം
അർബുദ ചികിത്സാ രംഗത്ത് നൂതന സംവിധാനങ്ങൾ ലഭ്യമാക്കാൻ സർക്കാർ മികച്ച ഇടപെടൽ നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍സിസിയിലെ പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈടെക് ചികിത്സാ സംവിധാനം, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിങ് സംവിധാനം, റേഡിയേഷന്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ എന്നീ നൂതന സംവിധാനങ്ങള്‍ ആർസിസിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് കാത്ത് ലാബ്, ഗാലിയം സ്‌കാന്‍, പെറ്റ് സിടി സ്‌കാന്‍, കെവി ഇമേജിങ് സംവിധാനമുള്ള റിങ് ഗാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ചികിത്സിക്കാനുള്ള അതിനൂതന ബ്രാക്കിതെറാപ്പി മെഷീന്‍, ഡിജിറ്റല്‍ മാമോഗ്രഫി മെഷീന്‍, പീഡിയാട്രിക് ഓട്ടോലോഗസ് സ്റ്റെംസെല്‍ ട്രാന്‍സ്‌പ്ലാന്റ് എന്നീ സംവിധാനങ്ങള്‍ സജ്ജമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. റീജണല്‍ ക്യാന്‍സര്‍ സെന്ററിൽ പ്രതിവര്‍ഷം രണ്ടരലക്ഷം പേര്‍ ചികിത്സതേടിയെത്തുന്നുണ്ട്. അതിനാൽ 242 കോടി രൂപ ചെലവില്‍ 3,30,117 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ബഹുനില മന്ദിരം നിര്‍മിച്ചത്. റേഡിയോതെറാപ്പി മെഷീനുകള്‍, അയഡിന്‍ തെറാപ്പി വാര്‍ഡ് ഉള്‍പ്പെടെയുള്ള ന്യൂക്ലിയര്‍ മെഡിസിന്‍ സങ്കേതങ്ങള്‍, ബോണ്‍മാരോ ട്രാന്‍സ്‌പ്ലാന്റ് യൂണിറ്റ്, ഓപ്പറേഷന്‍ തിയറ്ററുകള്‍, വാര്‍ഡുകള്‍, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലുക്കീമിയ വാര്‍ഡ്, രക്തബാങ്ക്, മൈക്രോബയോളജി വിഭാഗം തുടങ്ങിയ സേവനങ്ങള്‍ കെട്ടിടത്തിലുണ്ടാകും. നിലവിലുള്ള കിടക്കകള്‍ക്കു പുറമെ 200 കിടക്കകള്‍കൂടി തയ്യാറാക്കി. രണ്ടു നിലകളിലായി വാഹന പാര്‍ക്കിങ് സൗകര്യവുമുണ്ട്. ആര്‍സിസിക്കു വേണ്ടി പുലയനാര്‍കോട്ടയില്‍ 12 ഏക്കർ അനുവദിച്ചിട്ടുണ്ട്. രണ്ടാം ക്യാമ്പസും അനുബന്ധ സംവിധാനങ്ങളും അവിടെയായിരിക്കും സ്ഥാപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എടിയിലെ ശിശുരോഗ വിദഗ്‌ധൻ ഡോ. ആർ ജയപ്രകാശ് രചിച്ച ‘ശിശു മാനസികാരോഗ്യ വിദഗ്‌ധന്റെ ഡയറിക്കുറിപ്പുകള്‍' പുസ്തകവും മുഖ്യമന്ത്രി പ്രകാശിപ്പിച്ചു.










0 comments