വയോധികയെയും മരുമകളെയും വളർത്തുമകൾ വീടിന് പുറത്താക്കി

നെടുമങ്ങാട് : മകന്റെ മരണത്തെ തുടർന്ന്, വയോധികയായ അമ്മയെയും മരുമകളെയും വളർത്തുമകൾ വീടിനുപുറത്താക്കി. മന്നൂർക്കോണം തിരുവാതിരയിൽ സുഭാഷിണി (87)യെയും മരുമകളെയുമാണ്, സുഭാഷിണിയുടെ മകൻ സുരേഷ് ദത്തെടുത്ത് വളർത്തിയ മകൾ വീടിനുപുറത്താക്കി വാതിൽ പൂട്ടിപ്പോയത്.
കഴിഞ്ഞ 20നാണ് സുരേഷ് മരിച്ചത്. അതിനുശേഷമാണ് ദത്തുപുത്രി ഇവരെ വീട്ടിൽനിന്ന് പുറത്താക്കാൻ ശ്രമം ആരംഭിച്ചത്. വീടും പുരയിടവും സംബന്ധിച്ച് സുരേഷും ദത്തുപുത്രിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. സുരേഷ് ആദ്യവിവാഹത്തിൽ മക്കളില്ലാത്തതിനെ തുടർന്ന് പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തുകയും പിന്നീട് വിവാഹം കഴിച്ചയക്കുകയും ചെയ്‌തു. വീടിനോട് ചേർന്ന പുരയിടം ദത്തുപുത്രിയുടെ പേരിൽ നൽകിയിരുന്നു. ആദ്യഭാര്യ ബന്ധം ഉപേക്ഷിച്ചശേഷം സുരേഷ് രണ്ടാം വിവാഹം കഴിച്ചതോടെയാണ് വീടും സ്വത്തും സംബന്ധിച്ച തർക്കം രൂക്ഷമായത്.
വീടിന് പുറത്തായ സുഭാഷിണിയെയും മരുമകളെയും നാട്ടുകാർ കണ്ടതിനെ തുടർന്ന് വലിയമല പൊലീസിൽ വിവരമറിയിച്ചു. എസ്‌ഐ മുഹ്‌സിൻ, എഎസ്‌ഐ സി രജിത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ദത്തുപുത്രിയെ വിളിച്ചുവരുത്തി ഇരുവരെയും വീട്ടിൽ പ്രവേശിപ്പിച്ചു.










0 comments