കെഎസ്‌യു അശ്ലീല വീഡിയോ നിർമാണ കേസ്: റാക്കറ്റിൽ ഇതരസംസ്ഥാനക്കാരും; വിദേശത്തുള്ള കുട്ടികളും ഇരകൾ

കൊച്ചി : സംസ്ഥാനത്തെ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി മോർഫ് ചെയ്‌ത് അശ്ലീല വീഡിയോ നിർമിക്കുന്ന റാക്കറ്റിൽ ഇതരസംസ്ഥാനക്കാരും. അറസ്‌റ്റിലായ തൃക്കാക്കര ഭാരതമാത കോളേജിലെ കെഎസ്‌യു നേതാവ് എസ് ശ്രീഹരി, മാവേലിക്കര ഐഎച്ച്‌ആർഡി കോളേജിലെ സനീഷ് എന്നിവരിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് ഇതരസംസ്ഥാനക്കാരുടെ വിവരങ്ങൾ ലഭിച്ചത്. ജാർഖണ്ഡ് സ്വദേശിയുടേതടക്കം വിവരങ്ങൾ ലഭിച്ചു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
റാക്കറ്റിലുള്ളവർ വിദേശത്തുള്ള കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും മോർഫ് ചെയ്‌തതായും കണ്ടെത്തി. മലയാളി കുട്ടികളുടേതടക്കം അശ്ലീല വീഡിയോകളുണ്ട്. ഇത്തരം വീഡിയോ കൈമാറുന്നതിനായി മാത്രം പ്രത്യേക ഗ്രൂപ്പുകളുണ്ടെന്നും വ്യക്തമായി. കൂടുതൽ വിശദാംശങ്ങൾക്കായി സനീഷിനെ തിങ്കളാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി അപേക്ഷ നൽകി. ദൃശ്യങ്ങൾ കണ്ടവരെയടക്കം ചോദ്യം ചെയ്യുകയാണ്. പണമിടപാടുകളുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണവും പുരോഗമിക്കുന്നു.
ശ്രീഹരിയുടെയും സനീഷിന്റെയും ബാങ്ക് അക്കൗണ്ടുകൾ അന്വേഷകസംഘം മരവിപ്പിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളിലേക്കുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. അശ്ലീല വീഡിയോ നിർമിച്ച് വിറ്റ് ഇവർ പണം സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു.
ശ്രീഹരി ഉൾപ്പെടെയുള്ള സംഘം മോർഫ് ചെയ്‌ത ദൃശ്യങ്ങൾ മല്ലുപ്രീമിയം പെയ്‌ഡ് ഗ്രൂപ്പ് വഴി സനീഷാണ് വിറ്റിരുന്നത്. അന്വേഷണത്തിനിടെ, ദൃശ്യങ്ങൾ വിൽക്കാൻ തയ്യാറാക്കിയ മല്ലുപ്രീമിയം എന്ന പേരിലുണ്ടായിരുന്ന ഗ്രൂപ്പ് ഉൾപ്പെടെ അപ്രത്യക്ഷമായി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി ടെലിഗ്രാം അധികൃതർക്ക് കത്ത് നൽകി. കുട്ടികളുടെ അശ്ലീല ഉള്ളടക്കം അടങ്ങിയ വീഡിയോയും പരിശോധനയിൽ ലഭിച്ചതോടെ പ്രതികൾക്ക് എതിരെ പോക്‌സോയും ചുമത്തി.









0 comments