മേലുദ്യോഗസ്ഥരോടുള്ള പക; കന്റോൺമെന്റിൽ ആയുധങ്ങൾ മോഷണംപോയ സംഭവത്തിൽ മുൻ സൈനികൻ അറസ്റ്റിൽ

കണ്ടെടുത്ത റൈഫിളുമായി തെലങ്കാന ഡിജിപി സിവി ആനന്ദ്
തെലങ്കാന: അതീവ സുരക്ഷാ മേഖലയായ സെക്കന്ദരാബാദ് കന്റോൺമെന്റിൽ ആയുധങ്ങൾ മോഷണം പോയ കേസിൽ മുൻ ആർമി ഹവിൽദാറെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് മോഷണം പോയ എല്ലാ ആയുധങ്ങളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.
മഹബൂബ് നഗർ സ്വദേശിയായ ഉപ്പുതൊള്ള മല്ലേഷ് ആണ് പിടിയിലായ പ്രധാന പ്രതിയെന്ന് തെലങ്കാന ഡിജിപി സിവി ആനന്ദ് സ്ഥിരീകരിച്ചു. 2010-ൽ സൈന്യത്തിൽ ചേർന്ന ഇയാളെ, അച്ചടക്ക ലംഘനവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഈ വർഷം ജൂൺ 30-ന് സൈന്യം നിർബന്ധിത വിരമിക്കലിന് വിധേയനാക്കിയിരുന്നു. മേലുദ്യോഗസ്ഥരോടുള്ള അമർഷവും പ്രതികാരബുദ്ധിയുമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഓഗസ്റ്റ് 30-ന് രാത്രി 11 മണിയോടെയാണ് സെക്കന്ദരാബാദ് ബോലാറത്തിലെ 20-ാം ബറ്റാലിയൻ മദ്രാസ് റെജിമെന്റിന്റെ ആയുധപ്പുരയിൽ മല്ലേഷ് അതിക്രമിച്ചു കയറിയത്. തുടർന്ന് നിന്ന് 4 എകെ47, 6 പിസ്റ്റളുകൾ, ഒരു ഇൻസാസ് റൈഫിൾ എന്നിവയുൾപ്പെടെ 11 ആയുധങ്ങൾ കവർന്നു. ക്യാമ്പിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഘടനയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നത് ഇയാൾക്ക് മോഷണം എളുപ്പമാക്കി.
മദ്രാസ് റെജിമെന്റിന്റെ വളപ്പിലെ ഒരു മുറിയിൽ നിന്നാണ് ഇയാൾ ആയുധങ്ങൾ കവർന്നത്. സൈനികർക്കും ചില സിവിലിയൻ ജീവനക്കാർക്കും മാത്രമാണ് ഈ പ്രദേശത്തേക്ക് പ്രവേശനമുള്ളത്. അതീവ സുരക്ഷാ മേഖലയിൽ കടന്നുകയറിയ ആരോ പൂട്ടും വാതിലും തകർത്താണ് പ്രതി അകത്തുകടന്നത്.








0 comments