വൈദ്യുതി പ്രതിസന്ധി; പെട്ടെന്നുള്ള പരിഹാരമില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരമില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. ജനങ്ങൾ ഇരുട്ടിൽ നട്ടംതിരിയുമ്പോൾ കള്ളങ്ങൾ ആവർത്തിക്കുകയാണ് മന്ത്രി സണ്ണി ജോസഫ്. ആര്യാടൻ മുഹമ്മദിന്റെ കാലത്തെ ദീർഘകാല കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയെന്ന നുണയാണ് മന്ത്രി ആവർത്തിക്കുന്നത്.
‘അരിയും ഗോതന്പും വാങ്ങുന്നതുപോലെ ചാക്കുമായി മാർക്കറ്റിൽ പോയാൽ കിട്ടുന്നതല്ല വൈദ്യുതി’യെന്നുപറഞ്ഞ് കഴിഞ്ഞ ദിവസം മന്ത്രി സണ്ണി ജോസഫ് ജനങ്ങളെ പരിഹസിച്ചിരുന്നു. ‘സ്വിച്ചിട്ടോ, അത്ഭുതങ്ങൾ പ്രവർത്തിച്ചോ വൈദ്യുതിപ്രതിസന്ധി തീർക്കാനാകില്ല. ആളുകൾ കൂടുതൽ കെട്ടിടവും വീടും പണിതു. അതിൽ എയർ കണ്ടീഷണറുകൾ സ്ഥാപിച്ചു. വൈദ്യുതി വാഹനങ്ങളുടെ എണ്ണവും കൂടി. ഇൗ വാഹനങ്ങൾ രാത്രി വൈകി ചാർജ് ചെയ്യുന്നു. വൈദ്യുതി പെട്ടെന്ന് ഏതെങ്കിലും മാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ല. കരാറിൽ ഏർപ്പെടാൻ നിരവധി മാസങ്ങൾ എടുക്കും. ഇതുകൊണ്ടെല്ലാമാണ് ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതമായ’തെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നിയന്ത്രണം എപ്പോൾ നീക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിപ്പോൾ പറയാനാകില്ലെന്നായിരുന്നു പ്രതികരണം.
അതേസമയം സംസ്ഥാനത്തിന് എൽനിനോ മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകിയിരുന്നു. സതീശൻ സർക്കാർ ഇത് അവഗണിച്ചു. വരാനിരിക്കുന്ന വെല്ലുവിളികൾ മുന്നിൽക്കണ്ട് ഹ്രസ്വ, ദീർഘകാല കരാറുകളിലേക്ക് കടന്നില്ല. പുതിയ കരാർ ഒപ്പിടുന്നതിന് കമീഷനിൽനിന്ന് അംഗീകാരം വാങ്ങാൻ വൈകി. അംഗീകാരം നേടിയശേഷവും ഉദ്യോഗസ്ഥതല യോഗം വിളിച്ച് നടപടികളുമായി മുന്നോട്ടുപോയില്ല.
മുൻപ് കൈകാര്യംചെയ്‌തിരുന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി പ്രതിസന്ധി തരണംചെയ്യുന്നതിന് ആലോചനയുണ്ടായില്ല. മൂന്നുമാസമായി തുടരുന്ന പ്രതിസന്ധിയെക്കുറിച്ച് ചർച്ചചെയ്യാൻ വ്യാഴാഴ്ചയാണ് റിവ്യൂയോഗം വിളിച്ചുചേർത്തത്. 2023-ൽ സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്ന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങിയും അവർക്ക് ആവശ്യമായ സന്ദർഭങ്ങളിൽ മടക്കിനൽകിയും പവർകട്ട് ഇല്ലാതെ കൃത്യമായ മോണിറ്ററിങ്ങ് നടത്തിയിരുന്നു.








0 comments