Deshabhimani

വിമാനത്താവളത്തിൽ പാർക്കിങ്‌ ഫീസ്‌ 
കുത്തനെ കൂട്ടി

അദാനിയുടെ പിടിച്ചുപറി

!
വെബ് ഡെസ്ക്

Published on Oct 08, 2026, 12:00 AM | 1 min read

തിരുവനന്തപുരം

വിമാനത്താവളം നടത്തിപ്പ് കമ്പനിയായ അദാനിഗ്രൂപ്പ്‌ പാർക്കിങ്‌ ഫീസ് വർധിപ്പിച്ച്‌ ജനങ്ങളെ പിഴിയുന്നു. ഒക്ടോബർ ഒന്നുമുതൽ ഫീസ്‌ നിരക്ക്‌ വർധിപ്പിച്ച്‌ ഉത്തരവിറക്കി. ഇരുചക്രവാഹനം നിർത്തിയിടാൻ മണിക്കൂറിന്‌ 100 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതവും അധികം നല്‍കണം. നാലുചക്രവാഹനത്തിന് അരമണിക്കൂറിന്‌ 150 രൂപയും ഒരു മണിക്കൂറിന് 200 രൂപയുമാക്കി. ടാക്സി വാഹനങ്ങള്‍ക്ക്‌ ഉള്‍പ്പെടെ എന്‍ട്രി ഫീസില്‍ വന്‍വര്‍ധനയാണ്‌. ഇരുചക്രവാഹനങ്ങള്‍ക്ക് എട്ട്‌ മിനിറ്റുവരെ എന്‍ട്രി ഫീസ് ഇല്ലായിരുന്നു. സൗജന്യം പൂര്‍ണമായും പിന്‍വലിച്ചു. ഇരുചക്രവാഹനത്തിന് ഒരു ദിവസം 300 രൂപയാണ് വാടക. ഓട്ടോ നിരക്ക് 500 രൂപയാണ്‌. 24 മണിക്കൂര്‍ സ്വകാര്യവാഹനം നിർത്തിയിടാൻ 1000 രൂപ വാടക നൽകണം. ടാക്സി ഡ്രൈവര്‍മാര്‍ എട്ട്‌ മിനിറ്റിനുള്ളിൽ ആളെയിറക്കി പോയാൽ 150 രൂപ ഫീസുണ്ട്‌. ഒരുമിനിട്ട്‌ അധികമായാൽ 200 രൂപ നൽകേണ്ടിവരും. മുന്പ്‌ ഇത്‌ 10 മിനിറ്റുവരെ സ‍ൗജന്യമായിരുന്നു. ടെർമിനലിന്‌ മുന്നിലെത്തി യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്‌തശേഷം എട്ടുമിനിറ്റിനകം പുറത്തിറങ്ങുക പ്രായോഗികമല്ല. പുറത്തേക്കിറങ്ങുന്ന കവാടത്തിലും വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും. ഇതോടെ സ്വകാര്യവാഹനങ്ങളടക്കം അധിക ഫീസ്‌ നൽകേണ്ടിവരും. വിമാനത്താവളത്തിൽ ജോലിചെയ്യുന്ന തൊഴിലാളികള്‍, -ഗാർഡ്സ്, ഹൗസിങ്‌ കീപ്പിങ്‌, ശുചീകരണത്തൊഴിലാളികൾ എന്നിവരുടെ വാഹനങ്ങൾക്കും പാർക്കിങ്ങിന്‌ ദിവസം 300 രൂപ ഫീസ്‌ ഏർപ്പെടുത്തി. എന്നാൽ തൊഴിലാളികൾ സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന്‌ നടത്തിയ ചർച്ചയ്ക്കൊടുവിൽ ഫീസ്‌ ഏർപ്പെടുത്തിയത്‌ പിൻവലിക്കാൻ തീരുമാനമായി. എയർപോർട്ടിലെ രജിസ്റ്റേഡ്‌ ടാക്‌സികൾക്ക്‌ ഫീസ്‌ ബാധകമാകില്ല. റെയിൽവേ സ്റ്റേഷൻ, കെഎസ്‌ആർടിസി സ്റ്റാൻഡ്‌, സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ചെറിയ ട്രിപ്പുകൾക്ക്‌ ഇ‍ൗടാക്കുന്ന തുകയുടെ 50 ശതമാനത്തോളം വിമാനത്താവളത്തിൽ ഫീസിനത്തിൽ ചെലവാകും. ഇതോടെ ക്യാബ് നിരക്ക്‌ ഉയരും. ഇതിന്റെ ബാധ്യത യാത്രക്കാരുടെ തലയിലാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home