കഞ്ചാവുമായി പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

കോവളം
കോവളത്ത് കഴിഞ്ഞദിവസം കഞ്ചാവുമായി പിടിയിലായത് സ്ഫോടകവസ്തു കൈവശം വച്ചതിന് 23 വർഷമായി ഒളിവിലായിരുന്ന പ്രതി. ഓട്ടോയിൽ കഞ്ചാവ് കടത്തിയതിന് തിങ്കളാഴ്ച കോവളം പോറോട് പാലത്തിനുസമീപത്തുനിന്ന് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ നാലുപേരിൽ ഒരാളുടെ പഴയ കേസാണ് അന്വേഷണത്തിൽ പൊങ്ങിവന്നത്. ഒഡിഷ മുനിഗുഡയിൽനിന്ന് കുറഞ്ഞ തുകയ്ക്ക് കഞ്ചാവ് വാങ്ങി ഇവിടെ വൻ തുകയ്ക്ക് ചില്ലറവിൽപ്പനയ്ക്ക് എത്തിച്ച സംഘത്തെയാണ് ഡാൻസാഫ് പിടികൂടി വിഴിഞ്ഞം പൊലീസിന് കൈമാറിയത്. തുടരന്വേഷണത്തിനായി കോവളം പൊലീസിന് കൈമാറി. തുടർന്നാണ് ബീമാപള്ളി പുതുവൽ പുരയിടം ടിസി 46/119ൽ നൗഷാദിന്റെ (40) പേരിൽ 2003ൽ സ്ഫോടകവസ്തു കൈവശം വച്ചതിന് കോവളം സ്റ്റേഷനിൽ കേസുള്ളതായി തിരിച്ചറിഞ്ഞത്. അന്നുമുതൽ ഇയാൾ ഒളിവിലായിരുന്നെന്ന് സിഐ വി എം ശ്രീകുമാർ പറഞ്ഞു. കേസിൽ പ്രതിയായ ഇയാളുടെ ബന്ധു ഷംനാദ് ഇപ്പോഴും ഒളിവിലാണ്. ബീമാപള്ളി പുതുവൽ പുരയിടം നിവാസികൾ സെയ്‌ദലി (33), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33), തിരുവല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന ഷെഫീക് (51) എന്നിവരാണ് 3.6 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ സംഘത്തിലെ മറ്റുള്ളവർ. പ്രതികളെ റിമാൻഡ് ചെയ്തു.







0 comments