ആഭരണം വാങ്ങാനെത്തി സ്വർണം കവർന്ന പ്രതി പിടിയിൽ

സുരേഷ് വാസു
ചങ്ങനാശേരി
സ്വർണാഭരണം വാങ്ങാനെന്ന വ്യാജേന ജുവലറിയിലെത്തി ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് ഏഴ് ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയെ ചങ്ങനാശേരി പൊലീസ് പിടികൂടി. പാലോട് വിജി ഭവനിൽ സുരേഷ് വാസു (46) ആണ് പിടിയിലായത്. സെൻട്രൽ ജങ്‌ഷൻ ഭാഗത്ത് പ്രവർത്തിക്കുന്ന തോപ്പിൽ ജുവലറിയിൽ 28നാണ് സംഭവം. കുട്ടികളുടെ വളയും കൈചെയിനും ആവശ്യപ്പെട്ട ഇയാൾ ഏകദേശം 10 ഗ്രാം തൂക്കമുള്ള ആഭരണം തിരഞ്ഞെടുത്തു. ഡിസ്കൗണ്ട് ഉൾപ്പെടെ 1,75,000 രൂപ വില വന്നെങ്കിലും ഇയാളുടെ കൈവശം 55,000 രൂപ മാത്രമാണുണ്ടായിരുന്നത്. സുഹൃത്ത് പണവുമായി ചങ്ങനാശേരിയിൽ എത്തിയെന്നും പണം വാങ്ങിവരാമെന്നും പറഞ്ഞ് ഇയാൾ ജുവലറിയിൽ നിന്ന് പുറത്തുപോയി. പതിവുപോലെ ജീവനക്കാർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മൊത്തം ആറ് ഗ്രാം തൂക്കം വരുന്ന ഒരു വളയും ഒരു കൈചെയിനും കുറവുള്ളതായി കണ്ടെത്തിയത്. ജുവലറിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ആഭരണങ്ങൾ വാങ്ങാനെത്തിയ വ്യക്തി വളയും കൈചെയിനും പാന്റിന്റെ പോക്കറ്റിൽ ഇടുന്നതായി കണ്ടെത്തി. ജുവലറിയിലെ സെയിൽസ്മാനായ റോജിമോൻ ജോസഫ് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഡിവൈഎസ് പി എസ് ആഷാദിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ ശ്രീജിത്ത്, എസ്ഐമാരായ അഖിൽ, രതീഷ്, എഎസ്ഐ സൈനി സെബാസ്റ്റ്യൻ, എസ്‌സിപിഒ മാരായ തോമസ് സ്റ്റാൻലി, ശ്യാം എസ് നായർ(സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം), സിപിഒ നിയാസ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments