കൂറ്റൻ പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്

കൊടവിളാകത്ത് അടർന്നുവീണ കൂറ്റൻപാറയ്‌ക്കും മണ്ണിനുമിടയിൽ കുടുങ്ങിയ രാജകുമാരിയെ രക്ഷിക്കാൻ ശ്രമിക്കുന്ന ഭർത്താവ് മണിയൻ
പാറശാല
ശക്തമായ മഴയിൽ വീടിനുസമീപത്തെ കൂറ്റൻപാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്. കൊടവിളാകം പുലക്കാവിള കുഴിവിളയിൽ മണിയന്റെ ഭാര്യ രാജകുമാരിക്കാണ് (51) ഗുരുതരമായി പരിക്കേറ്റത്. വെള്ളി പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. രാജകുമാരി വീടിന് പിറകുവശത്തുള്ള ശുചിമുറിയിൽ പോയ സമയത്താണ് സമീപത്തെ വലിയ പാറ അടർന്നുവീണത്. ശക്തമായ മഴയിൽ അടിയിലെ മണ്ണൊലിച്ച് പോയതാണ് പാറ ഇളകാൻ കാരണം. ശുചിമുറി തകർന്ന് പാറയും മണ്ണും വീട്ടമ്മയുടെ പുറത്തേക്ക് പതിച്ചു. ഉഗ്രശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ ഭർത്താവും നാട്ടുകാരും ചേർന്ന് പാറ നീക്കംചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പാറശാല പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പാറ ഉയർത്താൻ ശ്രമിച്ചു. തുടർന്ന് മണ്ണുമാന്തിയന്ത്രമെത്തിച്ച് പാറ നീക്കംചെയ്തശേഷമാണ് വീട്ടമ്മയെ പുറത്തെടുത്തത്. ഒരുമണിക്കൂറോളം വീട്ടമ്മ പാറയ്ക്കടിയിൽ കുടുങ്ങി. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശാല സ്‌റ്റേഷൻ ഓഫീസർ യേശുദാസൻ, എസ്എഫ്ആർഒ എ ജി അരുൺ, എഫ്ആർഒ ശ്രീകാന്ത്, ശിവപ്രസാദ്, അരുൺ, ഡ്രൈവർ ഷൈൻമണി എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പാറശാല പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.










0 comments