പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: വി ജോയി

പൊലീസ് മർദനത്തിൽ മരിച്ച സജിയുടെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി സന്ദർശിക്കുന്നു
ചിറയിൻകീഴ്
നിരപരാധിയായ സജിയെ മർദിച്ചുകൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി. പെരുങ്ങുഴി ചല്ലിമുക്കിലുള്ള സജിയുടെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. സജിയുടെ മരണത്തോടെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം നിരാലംബരായി. കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും വി ജോയി ആവശ്യപ്പെട്ടു. ‘തൂഫാൻ സ്ക്വാഡ്' എന്ന പേരി ൽ മഫ്തിയിലെത്തിയ സിഐയും സംഘവുമാണ് ഒരു കുടുംബത്തിന്റെ അത്താണിയെ ഇല്ലാതാക്കിയത്. ഹൃദ്‌രോഗിയായ അയൽവാസിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച കാരണത്താലായിരുന്നു മർദനം. കുടുംബത്തിന്റെ പരാതിയിൽ പ്രതികൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ആഭ്യന്തരവകുപ്പും ഉന്നതോദ്യോഗസ്ഥരും ശ്രമിക്കുന്നത്. ചിറയിൻകീഴ് സിഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സസ്‌പെൻഡ് ചെയ്യണമെന്നും മൊഴി അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വി ജോയി ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി വി പി വിജീഷ്, ആർ അജിത്, അനിൽകുമാർ, അജയൻ എന്നിവരും ഒപ്പമുണ്ടായി.









0 comments