Deshabhimani

സത്യം തെളിയിച്ച ഒറ്റയാൾ പോരാട്ടം

അനിൽ കാലടി

അനിൽ കാലടി

വെബ് ഡെസ്ക്

Published on Oct 15, 2026, 12:34 AM | 1 min read

ചാല

ഗവ. കരാറുകാരനായ എന്നെ വിജിലൻസിലും ആദായനികുതി വകുപ്പിലും പരാതികൾ കൊടുത്ത് ദ്രോഹിച്ചു. നിരന്തരം വധഭീഷണിയുമുണ്ടായി. എന്നിട്ടും ഈ കേസിന്റെ പിറകെ നിന്നത് സത്യം ഒരുനാൾ തെളിയുമെന്ന വിശ്വാസം ഒന്നുകൊണ്ട് മാത്രം. കാലടി ശ്രീനന്ദനം വീട്ടിൽ അനിൽ കാലടിയുടെ വാക്കുകളിൽ കണ്ടത് തികഞ്ഞ ആത്മവിശ്വാസവും സത്യം തെളിഞ്ഞതിന്റെ സംതൃപ്തിയും. 2018ൽ മുഖ്യമന്ത്രി പിണറായി വിജയന് അനിൽ കാലടി നൽകിയ പരാതിയാണ് പുറംലോകം അറിയാതെ പോകുമായിരുന്ന ക്രൂരകൃത്യം പുറത്തുകൊണ്ടുവന്നത്. ഇതോടെ സിനിമാ കഥയെ വെല്ലുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിയുകയായിരുന്നു. 26 വർഷത്തിനിടെ ഏഴ് പേരാണ് കൂടത്തിൽ കുടുംബത്തിൽ ദുരൂഹമായി മരണപ്പെട്ടത്. അനിലിന്റെ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഉമാ മന്ദിരത്തിൽ താമസിച്ചിരുന്ന ജയമാധവൻ നായരുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. 2017ലാണ് ജയമാധവൻ നായർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തുടർന്ന് ആരും നോക്കാനില്ലാത്ത കാലടിയിലെ കാട് പിടിച്ചുകിടന്ന തറവാട്ട് പുരയിടത്തിൽ ഒരുവർഷത്തിനുശേഷം മരങ്ങൾ മുറിക്കുന്നത് കണ്ട് സംശയം തോന്നിയാണ് അനിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. കാലടി ജങ്ഷന് തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായരുടെയും സുമുഖിയമ്മയുടെയും മകൾ ജയശ്രീയെ 1991ൽ വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഒന്നര വർഷം കഴിയുമ്പോൾ ഉണ്ണിക്കൃഷ്ണൻ നായരും മരിച്ചു. തുടർന്ന് 1998ൽ ഗോപിനാഥൻ നായരും 2002ൽ ജയബാലകൃഷ്ണനും 2008ൽ സുമുഖിയമ്മയും 2012ൽ ജയപ്രകാശും മരിച്ചു. മക്കളാരും വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ 200 കോടിയോളം വരുന്ന കുടുംബസ്വത്തിന് അനന്തരാവകാശികൾ ഇല്ലാതായി. ഇത് സംശയങ്ങൾക്ക് കാരണമായി. തുടർന്നാണ് ജയമാധവൻ നായർ മരണപ്പെടുന്നത്. അവിവാഹിതനായ ജയമാധവൻ നായർ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ വ്യാജമായി തയ്യാറാക്കിയ വിൽപ്പത്രം അസാധുവാകുന്നതോടെ സ്വത്തുക്കൾ നഷ്ടമാകുമെന്ന ഭയത്തിലാണ് കാര്യസ്ഥൻ രവീന്ദ്രൻ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം കാര്യസ്ഥൻ രവീന്ദ്രൻ നായരെ കമീഷണർ ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റ്‌ ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home