Deshabhimani

പച്ചപുതച്ച പാഠം...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2026, 12:00 AM | 1 min read

ക്ലാസ്‌മുറിയിൽനിന്ന്‌ മണ്ണിലേക്ക്‌ ഇറങ്ങാൻ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ വിദ്യാർഥികൾ തീരുമാനിച്ചപ്പോൾ യാഥാർഥ്യമായത്‌ പച്ചപുതച്ച 10 സെന്റ്‌ നെൽപ്പാടം. സെമിനാറുകൾ 15 മിനിറ്റിനപ്പുറം ശ്രദ്ധിക്കാൻ കൂട്ടാക്കാതിരുന്ന വിദ്യാർഥികളെ വരുതിയിലാക്കാൻ അധ്യാപിക എൽ മഞ്ജുവിന്‌ തോന്നിയ ആശയമാണ്‌ കൃഷിയുടെ വഴിയിലേക്ക്‌ അവരെയെത്തിച്ചത്‌. ബോട്ടണിയും ബയോടെക്‌നോളജിയും പഠിക്കുന്നവരിൽ പലരും ഇതുവരെ നെല്ല്‌ പോലും കണ്ടിട്ടില്ലെന്ന്‌ തിരിച്ചറിഞ്ഞപ്പോൾ ഏതെങ്കിലുമൊരു കൃഷിയിടം സന്ദർശിക്കാമെന്ന്‌ പദ്ധതിയിട്ടു. അങ്ങനെ, കഴിഞ്ഞ വർഷം പിരപ്പമൺകാട്‌ പാടശേഖരത്തിലെ മകരക്കൊയ്‌ത്ത്‌ കാണാൻ കുട്ടികളും അധ്യാപകരുമെത്തി. കൃഷിരീതികൾ കണ്ടും പണിയിൽ സഹായിച്ചും പാടത്ത്‌ സജീവമായ വിദ്യാർഥികൾ അതോടെ കൃഷി ചെയ്‌താലോയെന്ന ചിന്ത പരസ്‌പരം പങ്കിട്ടു. പൂർണ പിന്തുണ നൽകി അധ്യാപകരും കൂടെനിന്നു. ഇതിനിടയിലാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന്‌ പാടശേഖരസമിതി കൃഷിയിറക്കാറുണ്ടെന്ന്‌ പത്രവാർത്തകളിലൂടെ അറിഞ്ഞത്‌. ഉടൻ അധികൃതരുമായി ബന്ധപ്പെട്ട്‌ 10 സെന്റ്‌ പാട്ടത്തിനെടുത്തു. കൃഷിക്ക്‌ മുന്നോടിയായ നിലമുഴലിന്‌ കൂലിക്ക്‌ ആളെ നിർത്തി. പിന്നീടങ്ങോട്ട്‌ ഞാറ്‌ നടലും കൊയ്‌ത്തും തുടങ്ങി എല്ലാ പണികളും വിദ്യാർഥികൾ ആവേശപൂർവം ഏറ്റെടുക്കുകയായിരുന്നു. ഉമ നെല്ലിനമാണ്‌ വിതച്ചത്‌. ബോട്ടണി ആൻഡ്‌ ബയോകെമിസ്‌ട്രി വകുപ്പിലെ 34 വിദ്യാർഥികൾക്കായിരുന്നു കൃഷി മേൽനോട്ടം. കൊയ്‌തെടുത്ത നെല്ല്‌ ഉണക്കി, പാറ്റിയെടുക്കാനായി പാടശേഖരസമിതിയെ ഏൽപ്പിച്ചിരിക്കുകയാണ്‌. അതിനുശേഷം സ്വന്തം ബ്രാൻഡിൽ കോളേജിൽതന്നെ വിൽപ്പന നടത്തും. തരിശ്‌ പാടങ്ങളിൽ കൃഷിയിറക്കി കൂട്ടായ്‌മയുടെ വൻ വിജയഗാഥ രചിച്ചിട്ടുള്ള പിരപ്പമൺകാട്‌ പാടശേഖരസമിതിയാണ്‌ വിദ്യാർഥികൾക്ക്‌ എല്ലാ സഹായവും നൽകിയത്‌. പഴമയും പുതുമയും കൈകോർത്തപ്പോൾ വീണ്ടും വിജയത്തിന്റെ മറ്റൊരു മാതൃകകൂടി പിറവിയെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home