ദുരൂഹതകളുടെ കൂടത്തിൽവീട്

തിരുവനന്തപുരം
കരമന കാലടി കൂടത്തിൽവീട്ടിൽ ജയപ്രകാശ് 2012ൽ മരിച്ചത് അർധരാത്രി കട്ടിലിൽനിന്ന് താഴെ വീണ്. 2017ൽ ജയപ്രകാശിന്റെ അമ്മാവന്റെ മകൻ ജയമാധവൻ മരിച്ചത് രാത്രി തടിക്കഷ്ണം തലയിൽ വീണ്. ഈ രണ്ട് മരണമാണ് നാട്ടുകാർക്കും ബന്ധുക്കൾക്കും സംശയം ജനിപ്പിച്ചത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ നേതൃത്വം നൽകിയത് ബന്ധുക്കൾ സംശയിക്കുന്നവർതന്നെയായിരുന്നു. അയൽവാസികളെ ആരെയും മരണാനന്തരചടങ്ങുകളിൽ പങ്കെടുപ്പിച്ചില്ലെന്നതും സംശയം വർധിപ്പിച്ചു. കാലടിയിൽ ഉമാമന്ദിരം എന്ന വീടും 30 സെന്റും കാരയ്ക്കാമണ്ഡപത്ത് 2.8 ഏക്കറും പാൽക്കുളങ്ങരയിൽ 30 സെന്റും രാജാജി നഗറിനുസമീപം 50 സെന്റും വസ്തുവാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. നഗരത്തിലെ കണ്ണായ പല സ്ഥലത്തും ഇവർ ഭൂമി വിറ്റിട്ടുമുണ്ട്. കുടുംബത്തിലെ മക്കളാരും വിവാഹം കഴിച്ചിട്ടില്ല. മുതിർന്നവർ മരിക്കുന്നതോടൊപ്പം വസ്തുക്കൾ പലതും വിൽപ്പന നടന്നതായും പരാതിക്കാർ ആരോപിച്ചിരുന്നു.കാര്യസ്ഥൻ സ്ഥലം കൈയേറിയതായി ഉടമ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതേ കേസ് കോടതിയിൽവച്ചുതന്നെ ഒത്തുതീർപ്പാക്കിയെന്നും വ്യാജ വിൽപ്പത്രത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി കൈക്കലാക്കിയെന്നും പരാതിക്കാർ ഉന്നയിച്ചതോടെ അന്വേഷണം കാര്യസ്ഥനിലേക്ക് കേന്ദ്രീകരിച്ചു. പ്രതികളെന്ന് സംശയിക്കുന്നവർതന്നെ പല വസ്തുക്കളും വിൽക്കുന്നതും ജയപ്രകാശിന്റെയും ജയമാധവന്റെയും മരണങ്ങളിലെ ദുരൂഹതയുമാണ് നാട്ടുകാരിൽ സംശയമുളവാക്കിയത്. തുടർന്നാണ് 2018 ജൂണിൽ നാട്ടുകാരനായ ആർ അനിൽകുമാർ പരാതി നൽകിയത്. ആദ്യം കരമന പൊലീസ് അന്വേഷിച്ചു. സ്പെഷ്യൽ ബ്രാഞ്ച് രഹസ്യമായി അന്വേഷിച്ചു. ബന്ധുക്കളുടെ മൊഴിയെടുത്തു. പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചു. അടുത്ത ബന്ധു പ്രസന്നകുമാരി പരാതി നൽകിയതോടെയാണ് അന്വേഷണം ഊർജിതമായത്.









0 comments