വട്ടം വഴിമാറും പപ്പടങ്ങൾക്കും പുതുരുചി

വത്സല പപ്പടക്കച്ചവടത്തിൽ
ആരതി ബി എസ്
Published on Aug 23, 2026, 12:15 AM | 1 min read
തിരുവനന്തപുരം
തൂശനിലയിട്ട് ചോറിനുമുകളിൽ പരിപ്പും ഒരൽപ്പം നെയ്യും വീഴ്ത്തിക്കഴിഞ്ഞാൽ പിന്നെ കൈ നീളുന്നത് നല്ല മൊരിഞ്ഞ വട്ടപ്പപ്പടത്തിലേക്കാണ്. ഇത്തവണ സ്ഥിരം പപ്പടത്തിന്റെ വിരസത അകറ്റാൻ വ്യത്യസ്‌ത പപ്പടങ്ങൾ വിപണിയിലെത്തിക്കുകയാണ് നെടുങ്കാട് സ്വദേശിനി വത്സല. രൂപത്തിലും രുചിയിലും നിറത്തിലും മാറ്റങ്ങളോടെ എത്തിക്കുന്ന പപ്പടങ്ങൾ ഓണത്തിന് കൂടുതൽ രുചി പകരും. എരിവ് ഇഷ്‌ടമുള്ളവർക്ക് കുരുമുളകിന്റെയും മുളകിന്റെയും പപ്പടം, നാടൻരുചിക്ക് വ്യത്യസ്‌ത പകരാൻ മരച്ചീനി പപ്പടം, കുട്ടികളുടെ മനംകവരാൻ വ്യത്യസ്ത ആകൃതിയിലുള്ള നാക്ക്, മോതിര പപ്പടങ്ങൾ, പെട്ടെന്ന് വറുത്തെടുക്കാവുന്ന മിനി പപ്പടം തുടങ്ങിയവയാണ് കുട്ടയിലെ വൈവിധ്യങ്ങൾ. കുരുമുളക് –40, മുളക്–35, നാക്ക്– 15, മരിച്ചീനി–20, മോതിരം–20, മിനി പപ്പടം– 15 എന്നിങ്ങനെയാണ് പപ്പടങ്ങളുടെ വില.വീട്ടിലുണ്ടാക്കുന്ന പപ്പടങ്ങൾ ചാല മാർക്കറ്റിലെത്തിച്ചും മറ്റ് സമയങ്ങളിൽ കടകളിൽ എത്തിച്ചുനൽകിയുമാണ് വിൽപ്പന. കൂട്ടിന് ഭർത്താവ് വെങ്കടേശ്വർ റാവുവുമുണ്ട്. മലയാളിയുടെ നാവിലുള്ള സ്വാദിന് പുതുമയുടെ രുചിക്കൂട്ട് നൽകുകയാണ് ഈ ദമ്പതികൾ.










0 comments