വിലക്ക് മറികടന്നെത്തിയ യാഥാർഥ്യങ്ങളുടെ നേർക്കാഴ്‌ച

‘ഗ്ലോബ്’ സിനിമയുടെ സംവിധായകൻ ഷിജിൻ ഗോവിന്ദും അഭിനേതാക്കളും
പി ആർ ചന്തു കിരൺ
Published on Sep 28, 2026, 12:00 AM | 1 min read
തിരുവനന്തപുരം
ജാതി വിവേചനം, ദുരഭിമാനക്കൊല, ഭാഷാ കടന്നുകയറ്റം, ആദിവാസി ജീവിതം– കേന്ദ്രസർക്കാരിന്റെ നിരോധന നീക്കം മറികടന്ന് 18–ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയിൽ എത്തിയ ചിത്രങ്ങൾ വരച്ചിട്ടത് രാജ്യത്തെ പൊള്ളുന്ന യാഥാർഥ്യങ്ങൾ. മേള തുടങ്ങിയശേഷമാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 24 ചിത്രങ്ങള്‍ക്ക് അനുമതി നൽകിയത്. ഭാഷയുടെ പേരിൽ അധിക്ഷേപവും വിവേചനവും നേരിടേണ്ടിവരുന്ന സ്‌കൂൾ വിദ്യാർഥിയുടെ പോരാട്ടമാണ് ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച മദര്‍ ടങ്. ഭാഷയും സ്വത്വവും സ്വാഭിമാനവും ചോദ്യം ചെയ്യുന്നതിനെതിരെയാണ് സംവിധായകൻ ആയുഷ് സിങ്ങിന്റെ ‘മദര്‍ ടങ്’ ശബ്‌ദമുയർത്തുന്നത്. ഉത്തരേന്ത്യൻ ഗ്രാമത്തിൽ താമസിക്കുന്ന, കെ–പോപ് താരമാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ ജാതി വ്യവസ്ഥയുടെ ഭീകരത വന്നുതൊടുന്നത് ഋഷഭ് ഭദ്രവാൾ സംവിധാനം ചെയ്‌ത അണ്‍സ്ട്രങ് കാട്ടിത്തരുന്നു. ഹ്രസ്വചിത്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച "ഗ്ലോബ്' അട്ടപ്പാടിയിലെ ആദിവാസി ജീവിതവും സ്വന്തം മണ്ണിൽ വേരാഴ്‌ത്തുന്ന ജീവിതങ്ങളുമാണ് വരച്ചിട്ടത്. കുടിയിറക്കിയാലും കാടിനെ വിട്ടുപോകാനാകാത്ത കെട്ടുപാടുകളും വേദനയും ഷിജിൻ ഗോവിന്ദിന്റെ ‘ഗ്ലോബ്’ കുഞ്ഞാമൻ, മകൻ നാലാം ക്ലാസുകാരനായ കരിയൻ എന്നിവരിലൂടെ അടയാളപ്പെടുത്തുന്നു. നിലനിൽപ്പിന്റെ പ്രതീകമായി ഗ്ലോബിനെ ചിത്രീകരിക്കുമ്പോൾ ആഗോളതലത്തിൽ ആദിവാസി സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികളിലേക്കാണ് വിരൽചൂണ്ടുന്നത്. വിഭവ ചൂഷണത്തിനെതിരെയും സ്വന്തം അവകാശങ്ങൾക്കായും പോരാടുന്ന ആദിവാസി നേതാക്കളും പരിസ്ഥിതി പ്രവർത്തകരും നിരന്തരം ആക്രമിക്കപ്പെടുന്നതും ചിത്രം ഓർമിപ്പിക്കുന്നു.
വിലക്കുന്നത് ന്യൂനപക്ഷത്തിന്റെ ശബ്‌ദത്തെ
ഇടം നഷ്‌ടപ്പെടുന്നവരുടെ വേദന തനിക്കിപ്പോൾ കൂടുതൽ മനസ്സിലാകുന്നുണ്ടെന്ന് ‘ഗ്ലോബ്’ ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ ഷിജിൻ ഗോവിന്ദ്. സ്വന്തം മണ്ണും സ്വത്വവും നഷ്ടപ്പെടുന്ന ഒരു വിഭാഗത്തിനുവേണ്ടിയാണ് ചിത്രം സംസാരിക്കുന്നത്. ആ ഘട്ടത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങൾ സംവിധായകൻ എന്ന നിലയിൽ തന്റെയും സ്വത്വ പ്രതിസന്ധിക്ക് കാരണമാകുകയാണ്. മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ‘ഗ്ലോബ്’ നിരസിക്കപ്പെട്ടിരുന്നെന്നും അഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ് വിദ്യാർഥിയും പെരിന്തൽമണ്ണ സ്വദേശിയുമായ ഷിജിൻ ഗോവിന്ദ് പറഞ്ഞു. അഗളി ഭൂതിവഴി ഊരിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായ കരുണനാണ് കേന്ദ്ര കഥാപാത്രമായ കരിയനെ അവതരിപ്പിച്ചത്. അനീഷ് പുലിയറ കുഞ്ഞാമനുമായി. അധ്യാപിക സിന്ധു സാജനാണ് കരുണനിലെ അഭിനേതാവിനെ കണ്ടെത്തിയതെന്നും ഷിജിൻ പറഞ്ഞു.










0 comments