വടാട്ടുപാറ അപകടം
മനോഹാരിതയിൽ മറഞ്ഞിരിക്കുന്ന മരണക്കെണി

വടാട്ടുപാറ പലവൻപടിപുഴയിൽ മുങ്ങിമരിച്ച വിദ്യാർഥികൾക്കായി തിരച്ചിൽ നടത്തുന്നു
ജോഷി അറയ്‌ക്കൽ
Published on May 11, 2026, 12:00 AM | 1 min read
കോതമംഗലം
ഒരുവശത്ത് പ്രകൃതിയുടെ വശ്യമായ സൗന്ദര്യം വിതറുമ്പോൾ മറുവശത്ത് ക്രൂരമായൊരു മുഖംകൂടിയുണ്ട് വടാട്ടുപാറ പലവൻപടി പുഴയ്‌ക്ക്. മനോഹാരിതയിൽ മറഞ്ഞിരിക്കുന്ന ആ മരണക്കെണിയിൽ മൂന്ന് ജീവൻ കൂടി പൊലിഞ്ഞു. കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ വിദ്യാർഥികളായ ബിയോൺ ബിജു (22), അതുൽ രാജ് (22), വി ബി ഹരീഷ് (22) എന്നിവരാണ് ഞായറാഴ്‌ച മരിച്ചത്. നേരത്തെ 24 പേർ ഇവിടെ ഒഴുക്കിൽപ്പെട്ട് മരിച്ചിട്ടുണ്ട്. ഞായർ അവധി ആഘോഷിക്കാനെത്തിയതാണ് ഒന്പതംഗ സംഘം. ചിരിയും തമാശകളും പങ്കുവച്ച് വെള്ളത്തിലിറങ്ങിയവരിൽ മൂന്നുപേർ നിമിഷങ്ങൾക്കുള്ളിൽ ആഴങ്ങളിൽ മറഞ്ഞു. രക്ഷിക്കാനുള്ള കൂട്ടുകാരുടെ ശ്രമം വിഫലമായി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും പിന്നീടെത്തിയ അഗ്നിരക്ഷാ സേനയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരുമണിക്കൂർ പിന്നിട്ടതോടെ പ്രതീക്ഷയുടെ ഇത്തിരി വെട്ടവും കെട്ടു. രണ്ടരയോടെ പുറത്തെത്തിക്കുമ്പോൾ മൂന്നു ജീവനും പൊലിഞ്ഞിരുന്നു. ശാന്തമെന്ന് തോന്നിപ്പിക്കുന്ന പലവൻപുഴയിൽ അഗാധമായ ചുഴികളും അടിയൊഴുക്കുകളും മരണക്കെണിയൊരുക്കി കാത്തിരിക്കുന്നുണ്ട്. അപകട മേഖലയായതിനാൽ കുട്ടമ്പുഴ പഞ്ചായത്തും വനം വകുപ്പും പുഴക്കരയിൽ ജാഗ്രത മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും ഇവിടെ അപകടങ്ങൾ തുടർക്കഥയാണ്. ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ഇവിടേയ്‌ക്ക് അവധി ദിവസങ്ങളിൽ വൻതോതിൽ വിനോദസഞ്ചാരികൾ എത്താറുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കുട്ടമ്പുഴ പഞ്ചായത്തും ലോക്കൽ ഗൈഡുകളെയും മുങ്ങൽ വിദഗ്‌ധരേയും വടാട്ടുപാറ മേഖലയിൽ ക്രമീകരിക്കണമെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. വനംവകുപ്പ് എയ്‌ഡ് പോസ്റ്റ് സ്ഥാപിച്ച് സന്ദർശകരെ നിയന്ത്രിച്ചില്ലെങ്കിൽ ദുരന്തം ഇനിയും ആവർത്തിക്കുമെന്ന് നാട്ടുകാർ പറയുന്നു.










0 comments