വേണം, വാമനപുരം നദിയിൽ അണക്കെട്ട്

വാമനപുരം നദി കഴിഞ്ഞ വേനൽക്കാലത്ത് വറ്റിയ നിലയിൽ
ചിറയിൻകീഴ്
ആറ്റിങ്ങൽ, വർക്കല നഗരസഭകളിലും സമീപ പഞ്ചായത്തുകളിലും കഴക്കൂട്ടം, വെഞ്ഞാറമൂട് മേഖലയിലും കുടിവെള്ളം ലഭ്യമാക്കുന്നതും കൃഷിക്ക് പ്രധാന പങ്കുവഹിക്കുന്നതുമായ വാമനപുരം നദിയിൽ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വേനൽക്കാലത്ത് നദി വറ്റിവരളുന്നതോടെ ഇവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകും. മഴലഭ്യത കുറഞ്ഞതോടെ അഞ്ചുതെങ്ങ്, കിഴുവിലം, കടയ്ക്കാവൂർ പഞ്ചായത്തുകളിൽ ഇപ്പോഴേ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. മിക്കയിടങ്ങളിലും പൈപ്പുവഴിയുള്ള വെള്ളം നിലച്ചനിലയിലാണ്. മലയോരത്ത് ശക്തമായ മഴ ലഭിക്കുമ്പോഴാണ് നദിയിൽ ജലം ഒഴികിയെത്തുന്നത്. വാമനപുരം നദി കേന്ദ്രീകരിച്ച് ജില്ലയിൽ ഒരുഡസനോളം കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്. പൊൻമുടിയിൽനിന്ന് ഉത്ഭവിക്കുന്ന നദി പടിഞ്ഞാറോട്ടൊഴുകി അഞ്ചുതെങ്ങ് കായലിലാണ് പതിക്കുന്നത്. നദിയിൽ ബണ്ടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ കായലിൽനിന്ന് ഉപ്പുവെള്ളം കയറാതിരിക്കാനുള്ളതാണ്. ജലം തടഞ്ഞ് നിർത്താനാകാത്തതിനാൽ വേനൽക്കാലമാകുമ്പോഴേക്കും വാട്ടർ അതോറിറ്റിയുടെ പമ്പിങ് കിണറുകൾ സ്ഥാപിച്ചിട്ടുള്ള ഭാഗങ്ങളിൽ വെള്ളം വറ്റും. ഇതോടെ പമ്പിങ് നിലച്ച് ജലവിതരണം തടസ്സപ്പെട്ട് കുടിവെള്ളം ലഭിക്കാതെ കാലങ്ങളായി ജനം നട്ടംതിരിയുകയാണ്. വേനൽ കടുക്കുന്നതോടെ കിണറുകളും വറ്റും. കൊല്ലമ്പുഴ പാലത്തിനുസമീപം ചെക്ക് ഡാം നിർമാണം ആരംഭിച്ചിരുന്നെങ്കിലും പൂർത്തിയായിട്ടില്ല. മാത്രമല്ല ചെക്ക് ഡാം നിർമിക്കുന്നതുകൊണ്ട് ആറ്റിങ്ങലിലെയും സമീപ പഞ്ചായത്തുകളിലേയും കുടിവെള്ളക്ഷാമം പരിഹരിക്കാനുമാകില്ല.










0 comments