യുവതിയെ കൂട്ടബലാത്സംഗംചെയ്‌ത 4 പ്രതികൾ അറസ്റ്റിൽ

യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുന്നു
പേരാമ്പ്ര ലഹരിവസ്‌തുക്കൾ നൽകിയശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ നാലു പ്രതികൾ പിടിയിൽ. വെള്ളിയൂർ വലിയപറമ്പിൽ ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സക്കീർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മദ്യവും ലഹരിയും നൽകിയശേഷം യുവതിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഭർത്താവാണ് പലർക്കായി കാഴ്ചവച്ചതെന്നാണ് യുവതിയുടെ മൊഴി. കേസിൽ പിടിയിലായ റജീഷ് ആഞ്ഞോളി മുക്കിൽ സ്വകാര്യ ബസ് തട്ടിക്കൊണ്ടുപോയ കേസിലുൾപ്പെടെ നിരവധി കേസിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട റജീഷ് പിതാവിന്റെ വാരിയെല്ല് അടിച്ചുപൊട്ടിച്ച കേസിലും പ്രതിയാണ്. ഇയാളെ കാപ്പാട് നിന്നും മറ്റു പ്രതികളെ മാങ്കാവ് ആഴ്ചവട്ടം, കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമാണ് പിടികൂടിയത്. കൂട്ടബലാത്സംഗത്തിനിരയായ യുവതി കഴിഞ്ഞ വ്യാഴം രാത്രിയിലാണ് പേരാമ്പ്ര സ്‌റ്റേഷനിൽ പരാതിയുമായെത്തിയത്. പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ എം കെ അനിൽകുമാർ, റൂറൽ എസ്‌പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ സി എം സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശോഭിത്ത്, സിവിൽ പൊലീസ് ഓഫീസർ ലിധിൻ, പേരാമ്പ്ര സബ് ഇൻസ്പെക്ടർ ശിവപ്രസാദ്, ഡ്രൈവർ സിപിഒ ബൈജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പേരാമ്പ്ര എഎസ്‌പി ആരതി അറിയിച്ചു.










0 comments