തപാൽ മേഖലയെ തകർക്കാൻ കേന്ദ്രം
തൃപ്പൂണിത്തുറ സബ് ഡിവിഷൻ പൂട്ടാൻ നീക്കം

കൊച്ചി
സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് തപാൽ മേഖലയെ തകർക്കുന്ന കൂടുതൽ നടപടികളുമായി കേന്ദ്ര സർക്കാർ. എറണാകുളം ഡിവിഷന് കീഴിലുള്ള തൃപ്പൂണിത്തുറ സബ് ഡിവിഷൻ പൂട്ടാനാണ് നീക്കം. ഭരണപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. 19 സബ് പോസ്റ്റ് ഓഫീസും 36 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുമാണ് തൃപ്പൂണിത്തുറ സബ് ഡിവിഷന് കീഴിലുള്ളത്. ബ്രാഞ്ച് ഓഫീസുകളിൽ പണിയെടുക്കുന്ന ജീവനക്കാരുടെ ശന്പള ബില്ലുകൾ ഉൾപ്പെടെ പാസാക്കുന്നത് സബ് ഡിവിഷൻ ഓഫീസുകൾ മുഖേനയാണ്. അടച്ചുപൂട്ടൽ നടപടി പൂർത്തിയാക്കി മറ്റു സബ് ഡിവിഷനിലേക്ക് ലയിപ്പിക്കുന്നതോടെ ശന്പളത്തിനും മറ്റു സേവനങ്ങൾക്കും കാലതാമസം നേരിടും. ജീവനക്കാരുടെ ജോലിഭാരവും കൂടും.
രണ്ട് മെയിൽ ഓവർസിയർ, ഒന്നുവീതം പോസ്റ്റൽ അസിസ്റ്റന്റ്, ഇൻസ്പെക്ടർ ഓഫ് പോസ്റ്റ് എന്നീ തസ്‌തികകൾകൂടി ഇല്ലാതാകുന്നതോടെ സ്ഥാനക്കയറ്റത്തിനുള്ള അവസരവും നഷ്ടമാകും. കൊച്ചി, എറണാകുളം സബ് ഡിവിഷനുകളാണ് എറണാകുളം ഡിവിഷനിൽ ബാക്കിയുള്ളത്.
സ്വന്തമായി കെട്ടിടം ഇല്ലെന്ന് ചൂണ്ടിക്കാട്ടി നല്ല വരുമാനമുണ്ടായിരുന്ന തൃപ്പൂണിത്തുറ ഫോർട്ട് സബ് പോസ്റ്റ് -ഓഫീസ് തൃപ്പൂണിത്തുറ പോസ്റ്റ് ഓഫ-ീസിലേക്ക് ലയിപ്പിച്ചിരുന്നു.
തെക്കുംഭാഗം, കൊച്ചി പാലസ് ബ്രാഞ്ച് ഓഫ-ീസുകളും സർക്കാർ നയങ്ങളുടെ ഭാഗമായി സമീപകാലത്ത് പൂട്ടി. എറണാകുളം, ആലുവ എന്നീ തപാൽ ഡിവിഷനുകളാണ് ജില്ലയിലുള്ളത്. ഇവയെ ലയിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതിനുപിന്നാലെയാണ് എറണാകുളം ഡിവിഷന് കീഴിലുള്ള തൃപ്പൂണിത്തുറ സബ് ഡിവിഷൻ പൂട്ടാനുള്ള പദ്ധതി. തപാൽ സേവനങ്ങൾ കുറച്ച് സ്വകാര്യമേഖലയെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.









0 comments