തെരുവുനായ ആക്രമണം പെരുകി
എട്ടുദിവസത്തിനിടെ കടിയേറ്റത് 505 പേര്‍ക്ക്

വൈറ്റില ഹബ്ബിൽ യാത്രക്കാർ കടന്നുപോകുന്ന വഴിയിൽ തമ്പടിച്ച തെരുവുനായ്ക്കൾ

സ്വന്തം ലേഖകൻ
Published on Sep 13, 2026, 02:42 AM | 1 min read
കൊച്ചി
ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. മനുഷ്യർക്കുപുറമെ വളര്‍ത്തുമൃഗങ്ങളും തെരുവുനായകളുടെ ആക്രമണത്തിനിരയാകുകയാണ്. കഴിഞ്ഞ എട്ടുദിവസത്തിനിടെ ജില്ലയില്‍ നായയുടെ കടിയേറ്റ് പേവിഷ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത് 505 പേർ. തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥകൊണ്ട് തെരുവോരങ്ങള്‍ മാലിന്യക്കൂനകളാകുന്നതാണ് നായകള്‍ അനിയന്ത്രിതമായി പെരുകാന്‍ പ്രധാന കാരണം. പൊതുഇടങ്ങളിൽ അറവുമാലിന്യം തള്ളുന്നതും കാരണമാണ്. തെരുവോരത്ത് മാലിന്യക്കൂനകളില്‍ ഭക്ഷണം തേടുന്ന നായകളാണ് ആക്രമണകാരികളാകുന്നത്. 2025ൽ ജില്ലയിൽ 35,681 പേരും 2024ല്‍ 32,086 പേരും നായകളുടെ ആക്രമണത്തിനിരയായി.
കടിയേല്‍ക്കുന്നത്
പതിവ് സംഭവമായി
ദിവസവും നിരവധി പേര്‍ക്കാണ് ജില്ലയില്‍ നായയുടെ കടിയേല്‍ക്കുന്നത്. ഇൗമാസം 11ന് കളമശേരിയില്‍ തെരുവുനായ ആക്രമണത്തില്‍ മൂന്ന് അതിഥിത്തൊഴിലാളികള്‍ക്ക് കടിയേറ്റു. റോഡിലൂടെ പോകുമ്പോള്‍ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഇതേദിവസം മാലിപ്പുറം ചാപ്പ കടപ്പുറത്ത് തെരുവുനായ കടിച്ച് പേ ഇളകിയ കറവപ്പശു ചത്തു. കടപ്പുറത്ത് തീറ്റയെടുക്കാൻ കെട്ടിയിരുന്ന മേത്തശേരി ബിജുവിന്റെ പശുവിനാണ് കടിയേറ്റത്. പ്രദേശത്ത് ഇതിനകം ഏഴുപശുക്കൾ തെരുവുനായ കടിച്ച് പേ ഇളകി ചത്തു.
ആഗസ്‌ത് 16ന് പറവൂര്‍ ചേന്ദമംഗലത്ത് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു. ബുധൻ വൈകിട്ട് അഞ്ചിന് ചേന്ദമംഗലം എല്‍പി സ്‌കൂളിനുസമീപത്തെ റോഡിലാണ് നായ നാലുപേരെ കടിച്ചത്. ഇതില്‍ കൈക്കുഞ്ഞുമായി വന്ന യുവതിയും ഉള്‍പ്പെടും. ആഗസ്‌ത് 27ന് നെടുമ്പാശേരി അത്താണിയില്‍ എട്ടുവയസ്സുകാരന്‍ തെരുവുനായ ആക്രമണത്തില്‍നിന്ന് രക്ഷപ്പെപെട്ടത് തലനാരിഴയ്ക്കാണ്. പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്കേറ്റു.
മാമംഗലത്തിനടുത്തുള്ള ചന്ദ്രത്തിൽ റോഡില്‍ അഞ്ച് നായകൾ കോളേജ് വിദ്യാർഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അടുത്തുകണ്ട വീട്ടിൽ അഭയം പ്രാപിച്ചതിനാൽ രക്ഷപ്പെട്ടു. റെയിൽവേ സ്റ്റേഷൻ, ആശുപത്രിവളപ്പുകള്‍, ചന്തകള്‍, മെട്രോസ്റ്റേഷന്‍ പരിസരങ്ങള്‍, ദേശീയപാതകള്‍ എന്നിവ തെരുവുനായകളുടെ വിഹാരകേന്ദ്രങ്ങളാണ്.
തെരുവുനായകൾക്ക് തീറ്റ കൊടുത്തവര്‍ക്കെതിരെ കേസ്
ഫോര്‍ട്ടുകൊച്ചി അമരാവതിയില്‍ താമസിക്കുന്ന റീജയെ തെരുവുനായ കടിച്ച സംഭവത്തിൽ, തെരുവുനായ്‌ക്കൾക്ക് പതിവായി പൊതുസ്ഥലത്ത് കോഴിവേസ്‌റ്റ് നൽകിയിരുന്ന രണ്ടുപേര്‍ക്കെതിരെ ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തു. ആഗസ്‌ത് ഏഴിനാണ് കോക്കേഴ്സ് തിയറ്ററിന് മുന്നിലെ ബസ്‌സ്റ്റോപ്പില്‍വച്ച് റീജയ്‌ക്ക് കടിയേറ്റത്. പൊതുസ്ഥലം മലിനമാക്കിയതിനും മൃഗങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് കേസ്.









0 comments