ad
Deshabhimani

പവർകട്ടിൽ വലഞ്ഞ്‌ ജനം

-‘കടുത്തദ്രോഹം
ഉറങ്ങാനാകുന്നില്ല’

power cut

കിടപ്പുരോഗിയായ ലീല വേലായുധനൊപ്പം മകൾ ശർമിള പ്രകാശ്

avatar
സ്വന്തം ലേഖകൻ

Published on Sep 13, 2026, 02:47 AM | 2 min read

കൊച്ചി


സാധരണക്കാരായ എല്ലാവർക്കും ഇൻവെർട്ടർ വാങ്ങാനാകില്ലല്ലോ?... കിടപ്പുരോഗികൾ ഉൾപ്പെടെ പവർകട്ടിൽ വലയുന്നതിലെ സങ്കടം മറച്ചുവയ്‌ക്കുന്നില്ല ‘സി കെയർ മെഡിക്കൽ ഹോം കെയർ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ’ രോഗീപരിചരണ സ്ഥാപനം നടത്തുന്ന കോതമംഗലം പൈങ്ങോട്ടൂർ സ്വദേശിനി ചിത്ര അഭയൻ. രാത്രി 10 വരെയുള്ള വൈദ്യുതിമുടക്കം ബുദ്ധിമുട്ടിയായാലും സഹിക്കാം. അതിനുശേഷമുള്ളത്‌ ജനങ്ങളോടുള്ള കടുത്തദ്രോഹമാണെന്ന്‌ അവർ പറഞ്ഞു.


ഒരുപാട് രോഗികൾ രാത്രി എട്ടോടെ ഭക്ഷണംകഴിച്ച് മരുന്ന് കഴിക്കും; പ്രത്യേകിച്ച് ഉറക്കഗുളികകൾ. കിടപ്പുരോഗികൾ, അർബുദബാധിതർ, വിഷാദവും മറ്റ്‌ മാനസികാരോഗ്യപ്രശ്‌നങ്ങളും ഉള്ളവരൊക്കെ ഉറങ്ങാൻ ആശ്രയിക്കുന്നത് മരുന്നുകളെയാണ്‌. രാത്രി എട്ടിന്‌ മരുന്ന്‌ കഴിച്ചാൽ ഏകദേശം ഒന്നുരണ്ട് മണിക്കൂർ കഴിഞ്ഞാണ് പലർക്കും ഉറക്കം കിട്ടുന്നത്‌. രാത്രിയിലുള്ള പവർകട്ട്‌ ഒരുപാട് രോഗികളെ ബുദ്ധിമുട്ടിക്കുന്നു. ഇത്‌ ബാധിക്കുന്നത് രോഗികളെ മാത്രമല്ല, അവരെ നോക്കുന്നവരെക്കൂടിയാണ്. പകൽ മുഴുവൻ ജോലിചെയ്‌ത്‌ രോഗികളെയും നോക്കി ക്ഷീണിച്ചവർക്ക്‌ ഉറങ്ങാൻ കഴിയാത്ത ദുരവസ്ഥയാണ്‌.


കഴിഞ്ഞദിവസം രാത്രി 12ന്‌ ഫോൺവിളി വന്നു. അൽഷിമേഴ്സുള്ള രോഗി രാത്രി 11.30നുള്ള വൈദ്യുതിമുടക്കത്തിൽ വലഞ്ഞുവെന്നായിരുന്നു പരാതി. ഉറക്കഗുളിക കഴിക്കാറുള്ള അമ്മ ഉറങ്ങാതെ എഴുന്നേറ്റുനടക്കുകയാണ്‌. മകന് പ്രായം 73 ആണ്‌. അവരും ഉറക്കം ആഗ്രഹിക്കുന്നവരാണെന്ന്‌ ചിത്ര പറഞ്ഞു.

‘മൂന്നുവട്ടം കറന്റ്‌ പോക്ക്‌ ’


അമ്മ മൂന്നുവർഷമായി വാർധക്യസഹജമായ പ്രശ്‌നങ്ങളാൽ വാട്ടർബെഡിൽ കിടപ്പിലാണ്. സോഡിയം കുറവുള്ളതിനാൽ സംസാരശേഷിയുമില്ല– കിടപ്പുരോഗിയായ എഴുപത്തിമൂന്നുകാരി ലീല വേലായുധനെക്കുറിച്ച്‌ മകൾ ചിറ്റേത്തുകര ആദർശ നഗർ കണ്ണങ്കരി വീട്ടിൽ ശർമിള പ്രകാശ് പറഞ്ഞു. ദിവസവും മൂന്നു പ്രാവശ്യമൊക്കെയാണ് വൈദ്യുതി മുടങ്ങുന്നത്‌. ചെറിയമുറിയിൽ മുഴുവൻസമയവും ടേബിൾഫാൻ ഉണ്ട്‌. കിടപ്പുരോഗിയായ അമ്മയ്‌ക്ക് ഇടയ്‌ക്കിടെയുള്ള കറന്റുപോക്ക് വലിയ ബുദ്ധിമുട്ടാണ്‌. ഇത്രയുംനാൾ ഇല്ലാതിരുന്ന ദുരിതമാണ് ഒരുമാസമായി അനുഭവിക്കുന്നത്. ഇതിന് ഒരു പരിഹാരം സർക്കാർ എത്രയുംവേഗം ഉണ്ടാക്കണമെന്നും ശർമിള.


‘ഭരണക്കാരുടെ 
കെടുകാര്യസ്ഥത’


ഭർത്താവ് ദീർഘകാലമായി കിടപ്പുരോഗിയാണ്. അസഹ്യമായ ചൂടിൽ കറന്റ്‌ പോകുമ്പോൾ അദ്ദേഹം അസ്വസ്ഥനാകുന്നു–നായത്തോട് കോട്ടായി വീട്ടിൽ രാധ ഭർത്താവ്‌ കുട്ടനെക്കുറിച്ച്‌ പറയുന്നു. ഇത്ര കാലമില്ലാത്ത അവസ്ഥയാണിത്. സർക്കാർ മാറിയാൽ ഇതുപോലെ ദുരിതമനുഭവിക്കണോ?, ഭരണത്തിലിരിക്കുന്നവരുടെ കെടുകാര്യസ്ഥതയാണിത് –രാധ പറയുന്നു.


‘ഹോട്ടലുകൾ 
പ്രതിസന്ധിയിൽ’


പതിവായ വൈദ്യുതിമുടക്കം ഹോട്ടലുകളെയും മറ്റു വ്യാപാര സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നുവെന്ന് മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ ഹോട്ടലുടമ വി ആർ സജീവ് നന്ദനം പറഞ്ഞു. ജനറേറ്ററും മറ്റു സംവിധാനങ്ങളും ഇല്ലാത്ത നിരവധി ഭക്ഷണശാലകൾക്കും സ്ഥാപനങ്ങൾക്കും വൈദ്യുതിമുടക്കം പ്രതിസന്ധിയായി.


അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം 
 അവസാനിപ്പിക്കണം–കോർവ


കൊച്ചി


സംസ്ഥാനത്തെ അപ്രഖ്യാപിത വൈദ്യുതി മുടക്കവും വൈദ്യുതി നിയന്ത്രണവും സാധാരണ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കോൺഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (കോർവ) ആവശ്യപ്പെട്ടു. കിടപ്പുരോഗികൾ, പ്രായമായവർ, കുട്ടികൾ, വിദ്യാർഥികൾ, ഓൺലൈൻ പഠനത്തിലും ജോലിയിലും ഏർപ്പെട്ടിരിക്കുന്നവർ എന്നിവരാണ് വൈദ്യുതി മുടക്കംമൂലം ഏറെ ബുദ്ധിമുട്ടുന്നത്.


രാത്രികളിലെ വൈദ്യുതിമുടക്കം കിടപ്പുരോഗികൾക്കും ഒറ്റയ്ക്ക് കഴിയുന്ന വയോധികർക്കും വലിയ ബുദ്ധിമുട്ടാണ്. ചൂടും കൊതുകുശല്യവും കൂടുന്നതിനൊപ്പം ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ ഫ്ലാറ്റുകളിലും ഉയരം കൂടിയ കെട്ടിടങ്ങളിലും താമസിക്കുന്ന വയോധികർക്കും രോഗികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാകുന്നു. വൈദ്യുതിമുടക്കം കുട്ടികളുടെയും വയോധികരുടെയും ആരോഗ്യത്തെയും ഉറക്കത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കോർവ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.


ഹോട്ടൽ, ബേക്കറി ഉടമകളുടെ പ്രതിഷേധം നാളെ


കൊച്ചി


ഹോട്ടൽ, ബേക്കറി മേഖലയെ തകർക്കുന്ന വൈദ്യുതി നിയന്ത്രണത്തിനെതിരെ കേരള ഹോട്ടൽ ആൻഡ്‌ ബേക്കേഴ്സ് സമിതി (കെബിഎച്ച്‌എസ്‌) തിങ്കൽ പകൽ 12ന്‌ പന്തംകൊളുത്തി പ്രതിഷേധിക്കും. കെഎസ്‌ഇബി ജില്ലാ കേന്ദ്രങ്ങളിലേക്കാണ്‌ പ്രകടനം. വൈദ്യുതിനിയന്ത്രണവും തുടർച്ചയായ മുടക്കവും ഹോട്ടൽ–ബേക്കറി മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് യാസർ അറഫാത്ത് പ്രസ്‌താവനയിൽ പറഞ്ഞു.


ജനറേറ്റർ ഉപയോഗിക്കുന്പോൾ ഡീസൽവിലയും ജനറേറ്റർ പരിപാലിക്കുന്നതിനുള്ള ചെലവും ചെറുകിട ഹോട്ടലുകൾക്കും ബേക്കറികൾക്കും താങ്ങാനാകാത്തതാണ്. വൈദ്യുതി മുടങ്ങുന്നതുമൂലം ഭക്ഷ്യവസ്തുക്കൾ കേടാകുന്നതും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. പ്രതിഷേധത്തിൽ മുഴുവൻ വ്യാപാരികളും അണിനിരക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home