സുരക്ഷയ്ക്ക് 5570 പൊലീസുകാർ

തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാല ദിവസമായ മാര്‍ച്ച് മൂന്നിന് റോഡിന് ഇരുവശങ്ങളിലുള്ള പാര്‍ക്കിങ് കര്‍ശനമായി നിരോധിക്കും. 5570 പൊലീസുകാരെ മൂന്ന് സെക്ടറുകളായി തിരിച്ച് സുരക്ഷ ഉറപ്പാക്കും. നാല് വാച്ച് ടവറും സജ്ജീകരിക്കും. പൊങ്കാല ദിവസം ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തും. ആരോഗ്യവകുപ്പിന്റെ 10 ആംബുലൻസുകൾ ക്രമീകരിക്കും. കൂടാതെ കോര്‍പറേഷന്‍, അഗ്നിരക്ഷാസേന ആംബുലൻസുകളും സജ്ജമാക്കും. കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനം. പൊങ്കാലയ്ക്കുശേഷം കോര്‍പറേഷന്റെ മാലിന്യം ചെറുവയ്ക്കല്‍, ഈഞ്ചക്കല്‍ എന്നിവിടങ്ങളിൽ തള്ളും. നാലായിരത്തോളം ജീവനക്കാരെയും 250 വാഹനങ്ങളും ഇതിനായി ഒരുക്കുമെന്നും കോര്‍പറേഷന്‍ അറിയിച്ചു. ഇവിടെ അഗ്നിരക്ഷാസേന ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്. പൊങ്കാലയ്ക്ക് ഹരിത പ്രോട്ടോകോൾ പാലിക്കാൻ ശുചിത്വമിഷൻ പ്രത്യേക ക്യാമ്പയിൻ നടത്തും. ഇതുമായി ബന്ധപ്പെട്ട് തമിഴിലും മലയാളത്തിലും അനൗണ്‍സ്‌മെന്റും നടത്തും. കുടിവെള്ള വിതരണത്തിന് വാട്ടര്‍ അതോറിറ്റി വിവിധ സ്ഥലങ്ങളില്‍ 1500 കുടിവെള്ള ടാപ്പുകളും 50 ഷവറും സജ്ജമാക്കും. ഉത്സവ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി 20 ചെയിന്‍ സര്‍വീസുകളും പൊങ്കാല ദിവസം 900 സര്‍വീസുകളും നടത്തും. യോഗത്തില്‍ സബ്കലക്ടര്‍ ഒ വി ആല്‍ഫ്രഡ് അധ്യക്ഷനായി. എഡിഎം ടി കെ വിനീത് പങ്കെടുത്തു. എക്‌സൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ വിഭാഗങ്ങളുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന റിപ്പോര്‍ട്ട് നല്‍കണമെന്നും ഉച്ചഭാഷിണിയുടെ ശബ്ദപരിധി നിശ്ചയിച്ച്, ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും സബ് കലക്ടര്‍ നിർദേശിച്ചു.









0 comments