ad
Deshabhimani

വീണ്ടും അരികടത്ത്‌

കഴക്കൂട്ടത്തും പാറശാലയിലുമായി 312 ചാക്ക് അരി പിടികൂടി

312 sacks of rice seized

കഴക്കൂട്ടം പൊലീസ് പിടികൂടിയ 240 ചാക്ക് അരി കടത്തിയ ലോറി

വെബ് ഡെസ്ക്

Published on Sep 20, 2026, 12:00 AM | 1 min read

കഴക്കൂട്ടം ​/പാറശാല

കഴക്കൂട്ടത്തും പാറശാലയിലുമായി അനധികൃതമായി വാഹനത്തിൽ കടത്താൻ ശ്രമിച്ച അരി പിടിച്ചെടുത്തു. കഴക്കൂട്ടത്ത്‌ 240 ചാക്കും പാറശാലയിൽ 72 ചാക്കുമാണ്‌ അരി ഉണ്ടായത്‌. കഴക്കൂട്ടം ആറ്റിൻകുഴിയിൽ റേഷനരി കടത്തിയ ലോറി പൊലീസ് പിടികൂടി. ശനി പകൽ മൂന്നോടെ പാറശാലയിൽനിന്ന്‌ എറണാകുളത്തേക്ക് 240 ചാക്ക് അരിയുമായി പോയ ലോറിയാണ് പിടികൂടിയത്. 240 ചാക്ക് അരിയുടെ ബില്ല് ഉണ്ടായിരുന്നു. എന്നാൽ അടിയിൽ റേഷൻ അരിയാണെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്. താലൂക്ക് സപ്ലൈ ഓഫീസിൽനിന്ന്‌ ജീവനക്കാർ എത്തി റേഷൻ അരിയാണോയെന്ന് പരിശോധിക്കാനായി സാമ്പിൾ ശേഖരിച്ചു. പാറശാല ഊരമ്പ് കുഴിഞ്ഞാൻവിള കരുമരത്തിനുസമീപത്തുനിന്നാണ്‌ വാഹനത്തിൽ കടത്താൻ ശ്രമിച്ച 72 ചാക്ക് റേഷനരി പിടിച്ചത്‌. ചവിട്ടുമെത്ത കച്ചവടം നടത്തുന്ന സ്ഥാപനത്തിനുസമീപത്തെ ഗോഡൗണിനുമുന്നിൽ പിക്‌അപ്‌ വാനിൽ ചാക്കുകൾ കയറ്റിയ നിലയിലായിരുന്നു. പരിശോധന വെട്ടിക്കാൻ അരിച്ചാക്കുകൾക്കുമുകളിൽ തടികൾ അടുക്കിവച്ചിരുന്നു. അസിസ്റ്റന്റ്‌ താലൂക്ക് സപ്ലൈ ഓഫീസർ ഹരിദാസ്, പൊഴിയൂർ പൊലീസ്‌ എന്നിവർ പരിശോധന നടത്തി വാഹനവും അരിയും കസ്റ്റഡിയിലെടുത്തു. അരി സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. വിവിധ സ്ഥാപനങ്ങളുടെ മറവിലും വീടുകൾ വാടകയ്ക്കെടുത്തുമാണ് റേഷനരി സംഭരിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. റേഷനരി ശേഖരിച്ച് ബ്രാൻഡാക്കി വിൽപ്പന നടത്തി കൊള്ളലാഭമാണ് അതിർത്തിയിലെ ഇത്തരം ലോബികൾ വസൂലാക്കുന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷനരിയാണ് തുച്ഛമായ വില കൊടുത്ത് വാങ്ങി ബ്രാൻഡഡ് അരിയാക്കി വിൽക്കുന്നത്. അനധികൃത ഗോഡൗണുകളിൽനിന്ന് അടിക്കടി ഉദ്യോഗസ്ഥർ ടൺകണക്കിന് അരി പിടികൂടുന്നെങ്കിലും ശാശ്വതമായ നടപടി സ്വീകരിക്കാനോ ഇത്‌ തടയാനോ അധികൃതർ കർശന നടപടി കൈക്കൊള്ളാത്തത് പ്രതിഷേധത്തിന്‌ ഇടയാക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home