അനധികൃതമായി സൂക്ഷിച്ച 25,000 കിലോ റേഷനരി പിടികൂടി

ഇഞ്ചിവിളയിലെ ഗോഡൗണിൽനിന്ന് പിടികൂടിയ റേഷനരി
പാറശാല
തമിഴ്നാട് അതിർത്തിയിലെ ഗോഡൗണുകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 25,000 കിലോ റേഷനരി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പിടികൂടി. ഇഞ്ചിവിളയിലെ അഞ്ച് ഗോഡൗണിലാണ് ശനി രാവിലെ ആറിന് പരിശോധന നടന്നത്. ബ്രാൻഡഡ് അരിയാക്കി മാറ്റി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന തമിഴ്നാട് റേഷനരിയാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടിലെ റേഷൻകടകളിൽനിന്ന് തുച്ഛമായ വിലയ്‌ക്ക് വാങ്ങി സംഭരിച്ച അരിയാണ് പിടികൂടിയത്. പരിശോധന നടക്കുന്ന സമയം ഇരുചക്രവാഹനത്തിൽ ഗോഡൗണിലേക്ക് അനധികൃതമായി കൊണ്ടുവന്ന റേഷനരിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തമിഴ്നാട് ഭാഗത്ത് പരിശോധനയിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥരെ വെട്ടിച്ച് കൊണ്ടുവന്ന അരി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് പൊലീസും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ഇരുചക്രവാഹനത്തിനു പിന്നാലെ ഗോഡൗണിൽ എത്തിയെങ്കിലും അരി വിട്ടുനൽകാൻ കേരളത്തിലെ ഉദ്യോഗസ്ഥർ തയ്യാറായില്ല. ജില്ലാ സപ്ലൈ ഓഫീസർ എസ് ആർ സ്മിത, താലൂക്ക് സപ്ലൈ ഓഫീസർ പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത റേഷനരി സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി.










0 comments