19കാരന് സങ്കീർണ കരൾമാറ്റ ശസ്ത്രക്രിയയിൽ പുതുജീവൻ

തിരുവനന്തപുരം
കിംസ്ഹെൽത്തിൽ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ 19കാരൻ പുതുജീവൻ നേടി. ഗുരുതര കരൾരോഗത്തെ തുടർന്ന് രക്തത്തിൽ ഓക്സിജൻ നില വെറും 24 ശതമാനമായി താഴ്ന്ന യുവാവിനാണ് ശസ്ക്രക്രിയ വിജയകരമായി നടത്തിയത്. ഓക്സിജൻ ദൗർലഭ്യം സൃഷ്ടിക്കുന്ന ‘സിവിയർ ഹെപറ്റോപൾമണറി സിൻഡ്രോം' എന്ന അവസ്ഥയിലായിരുന്നു രോഗി. ഇത്രയും കുറഞ്ഞ ഓക്സിജൻ നിലയുള്ള രോഗിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതായി മെഡിക്കൽ രേഖകളിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഡോ. ടി യു ഷബീറലി, ഡോ. ഷിറാസ് അഹമ്മദ് റാത്തർ എന്നിവരുടെ നേതൃത്വത്തിൽ 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയം കണ്ടു. അനസ്‌തേഷ്യ, പൾമണോളജി, ഗ്യാസ്‌ട്രോഎൻട്രോളജി തുടങ്ങി വിവിധ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിൽ. ശസ്ത്രക്രിയക്കുശേഷം മൂന്ന് മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയുടെ ശ്വാസകോശ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയുണ്ടായി. തുടർന്ന് കൃത്രിമ ഓക്സിജൻ സഹായമില്ലാതെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. കരളിന്റെ പ്രവർത്തനവും സാധാരണ നിലയിലേക്ക് വീണ്ടെടുത്തു. അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. എ ഹാഷിർ, ഡോ. അഭിജിത്ത് ഉത്തമൻ, അസോസിയറ്റ് കൺസൾട്ടന്റുമാരായ ഡോ. ആർ എസ് പ്രിജിത്ത്, ഡോ. രചന സി നായർ, പൾമണോളജി കൺസൾട്ടന്റ് ഡോ. അജയ് രവി എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.









0 comments