സർക്കാർ ആശുപത്രികൾ പ്രതിസന്ധിയിലേക്ക്
138 ജീവനക്കാരെ പിരിച്ചുവിട്ടു

സ്വന്തം ലേഖിക
Published on Nov 02, 2026, 12:00 AM | 1 min read
തിരുവനന്തപുരം
ജില്ലയിലെ സർക്കാർ ആശുപത്രികളെ പ്രതിസന്ധിയിലാക്കി കരാർ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ. ദേശീയ ആരോഗ്യദൗത്യത്തിന് (എൻഎച്ച്എം) കീഴിൽ വിവിധ സർക്കാർ ആശുപത്രികളിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന 90 പേരെയും സംസ്ഥാന ഓഫീസിലെ 48 പേരെയുമാണ് ഒറ്റയടിക്ക് ഒഴിവാക്കിയത്. ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യന്മാർ, റേഡിയോളജിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ, അക്കൗണ്ടന്റുമാർ, പിആർഒമാർ, ആശാ കോഓർഡിനേറ്റർമാർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർ കൂട്ടത്തിലുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾമുതൽ ജില്ലാ ആശുപത്രികൾ വരെയുള്ളവയുടെ പ്രവർത്തനം ഇതോടെ താളംതെറ്റും. സംസ്ഥാന ഓഫീസിലെ ജീവനക്കാരുടെ മാറ്റം വിവിധ പദ്ധതികളെ അവതാളത്തിലാകും. ദിവസേനയുള്ള പ്രതിരോധ കുത്തിവയ്പ്, മാതൃ–ശിശു പരിചരണം, പകർച്ചവ്യാധി നിയന്ത്രണം, ജീവിതശൈലീ രോഗനിയന്ത്രണം, പാലിയേറ്റീവ് പരിചരണം, ലാബ് സേവനങ്ങൾ എന്നിവയും പ്രതിസന്ധിയിലാകും.- ആറ് ഹോമിയോ ഡോക്ടർമാരെയും പിരിച്ചുവിട്ടിട്ടുണ്ട്. ഇവർക്ക് പകരം, വർക്ക് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ നിയോഗിച്ചാൽ ഇവിടങ്ങളിലെയും ചികിത്സാസംവിധാനങ്ങളെ ബാധിക്കും. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ആഗസ്ത് 31ന് സർക്കാർ നീക്കംനടത്തിയിരുന്നു. ഒക്ടോബർ 31വരെ കരാർ നീട്ടിയുള്ള ഉത്തരവിൽ, എല്ലാവരെയും ഉൾപ്പെടുത്തേണ്ടെന്നായിരുന്നു നിർദേശം. കരാർ പുതുക്കുന്നവരുടെ പ്രകടനം സംസ്ഥാന മിഷൻ ഡയറക്ടർ നേരിട്ട് വിലയിരുത്തണമെന്ന നിബന്ധനയും ഉൾപ്പെടുത്തി. ഇത്രയധികം ജീവനക്കാരുടെ പ്രകടനം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കുറഞ്ഞ സമയത്തിൽ എങ്ങനെ വിലയിരുത്തി എന്നതിൽ വ്യക്തതയില്ല. എൽഡിഎഫ് സർക്കാർ ജീവനക്കാരുടെ കരാർ പുതുക്കുന്നതിനും വേതനം വർധിപ്പിക്കുന്നതിനും സമയബന്ധിതമായി നടപടിയെടുത്തിരുന്നു. കേന്ദ്രം എൻഎച്ച്എം ഫണ്ട് തടഞ്ഞുവച്ചപ്പോഴും മുൻകൂറായി തുക അനുവദിച്ച് തൊഴിലും ആരോഗ്യസംവിധാനവും സംരക്ഷിച്ചു. എന്നാൽ യുഡിഎഫ് വേതനവർധന അട്ടിമറിക്കുകയും കൂട്ടപ്പിരിച്ചുവിടലിന് വഴിയൊരുക്കുകയും ചെയ്യുകയാണ്. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നിർത്തലാക്കി. അഞ്ചുമുതൽ 17 വർഷംവരെ സേവനപരിചയമുള്ളവരും പുറത്താക്കപ്പെട്ടവരിലുണ്ട്. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് നിയമിച്ചവരെ ഒഴിവാക്കി കോൺഗ്രസ് അനുകൂലികളെ തിരുകിക്കയറ്റാനാണ് നീക്കം.









0 comments