ad
Deshabhimani

13 വർഷം: സ്‌നേഹിത തണലായത്‌
5930 കുടുംബത്തിന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Sep 21, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ഉന്നതവിദ്യാഭ്യാസം നേടിയിട്ടും ഭർതൃവീട്ടിൽ അടുക്കളയിൽ തീരാമായിരുന്ന ജീവിതം. സ്നേഹിതയിലേക്കെത്തിയ ഒറ്റ കോളിൽ യുവതിയുടെ ജീവിതം മാറി. ബികോം ബിരുദധാരിയായ യുവതിക്ക്‌ സ്വന്തമായി ജോലിചെയ്ത് അന്തസ്സോടെ ജീവിക്കാനായി. ഇതുപോലെ കഴിഞ്ഞ 13 വർഷത്തിൽ ജില്ലയിലെ 5930 കുടുംബത്തിനാണ്‌ സ്നേഹിത, ജീവിതത്തണലായത്‌. സ്ത്രീകൾക്കെതിരായ ചൂഷണം തടയാൻ 2013 സെപ്തംബർ പത്തിനാണ് ജില്ലാ കുടുംബശ്രീ മിഷന് കീഴിൽ ‘സ്‌നേഹിത’യ്‌ക്ക്‌ തുടക്കമിട്ടത്. പോക്സോ കേസുകളിൽ ഇരയാക്കപ്പെട്ടവർ, ലഹരിക്കടിമയായവർ തുടങ്ങി ആകെ 5646 സെഷനിലായി 2408 കേസിന്‌ കൗൺസലിങ്‌ നൽകി. 1568 സ്ത്രീകൾക്ക്‌ താൽക്കാലിക അഭയമൊരുക്കി. 494 കേസിൽ നിയമസഹായം നൽകി. 1629 ഗാർഹിക അതിക്രമ കേസിലും 550 ലൈംഗിക അതിക്രമ കേസിലും അതിജീവിതകൾക്ക്‌ കരുത്തായി. വനിതാ ശിശുവികസന വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. വിവിധ പ്രശ്നങ്ങള്‍ നേരിട്ട് സ്നേഹിതയില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മൂന്നുദിവസംവരെ താല്‍ക്കാലിക അഭയം നല്‍കും. പുനരധിവാസം ആവശ്യമായവർക്ക്‌ വിവിധ വകുപ്പുകളും എന്‍ജിഒകളുമായി ചേര്‍ന്ന്‌ പിന്തുണ ലഭ്യമാക്കും. വിതുര, അമ്പൂരി, കഠിനംകുളം എന്നിവിടങ്ങളിൽ സബ് സെന്ററുകളുമുണ്ട്‌. ഇതുവരെ 154 കേസ്‌ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളിൽ അടിയന്തര കൗൺസലിങ്ങും പിന്തുണയും ഉറപ്പാക്കാൻ 2025 മാർച്ചുമുതൽ ഡിവൈഎസ്‌പി/എസിപി ഓഫീസുകൾ കേന്ദ്രീകരിച്ച് ആരംഭിച്ച സംവിധാനം വഴി 663 കേസ്‌ രജിസ്റ്റർ ചെയ്തു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാൻ ‘എ പ്രോമിസ് ടു പ്രൊട്ടക്ട്', ലഹരിവിരുദ്ധ ബോധവൽക്കരണം, സ്കൂൾ-–കോളേജ് തലങ്ങളിൽ ‘ജെൻഡർ ക്ലബ്ബുകൾ' എന്നിവയും സജീവമായി പ്രവർത്തിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home