12,000 കുടുംബം ദുരിതത്തിൽ

സ്വന്തം ലേഖകൻ
Published on Aug 07, 2026, 11:20 PM | 1 min read
തിരുവനന്തപുരം
വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി ഇനിയും വൈകുമെന്ന് അറിയിച്ച് കേന്ദ്രസർക്കാർ. വ്യാഴാഴ്ച ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ 12,000ത്തിലധികം കുടുംബങ്ങളാണ് ദുരിതത്തിലായത്. പാരിസ്ഥിതികാനുമതിയുടെ പേരിലാണ് പദ്ധതി വൈകിപ്പിക്കുന്നത്. പാരിസ്ഥിതിക അനുമതിക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് മുമ്പിൽ പുതിയ നിർദേശം വീണ്ടും സമർപ്പിക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്. പദ്ധതിക്കായി 1629.24 കോടി രൂപയുടെ ബാധ്യത കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഏറ്റെടുത്തിരുന്നു. ദേശീയപാത നിർമാണത്തിൽ അടുത്തിടെയുണ്ടായ പ്രശ്നങ്ങൾ കാരണമാണ് പുതിയ പാതകളുടെ നിർമാണത്തിൽ കൂടുതൽ പഠനമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ഇവിടെ വിദഗ്‌ധ സമിതി പഠനം നടന്നതാണ്. കുന്നിടിച്ച് റോഡ് നിർമിക്കേണ്ട സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഒഴിവാക്കാൻ ടണൽ പാതകൾ നിർമിക്കാനും ശുപാർശ ചെയ്തിരുന്നു. പ്രധാനമായും പുല്ലമ്പാറ, മാണിക്കൽ, പള്ളിച്ചൽ പഞ്ചായത്തുകളിലാണ് കുന്നിടിച്ച് റോഡ് നിർമിക്കേണ്ടത്. ഇങ്ങനെ ഒമ്പതിടങ്ങളിൽ ടണലുകൾ പരിഗണനയിലുണ്ട്. 24 വില്ലേജുകളിൽക്കൂടിയാണ് ഔട്ടർ റിങ് റോഡ് കടന്നുപോകുന്നത്. കഴിഞ്ഞവർഷം ഔട്ടർ റിങ് റോഡിന് പ്രാഥമിക വിജ്ഞാപനം (3എ) പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനവിഹിതം സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർബന്ധംപിടിച്ചതോടെ പദ്ധതി നീണ്ടു. ഇതോടെയാണ് 1629.24 കോടി രൂപയുടെ അധികബാധ്യത മുൻ എല്‍ഡിഎഫ് സർക്കാർ ഏറ്റെടുത്തത്. പദ്ധതി നീണ്ടതോടെ ആദ്യഘട്ട വിജ്ഞാപനം റദ്ദായി. ഇതിന്റെ സാമ്പത്തികപങ്കാളിത്ത കരാറിന് മന്ത്രിസഭ ആഗസ്‌തിൽ അംഗീകാരം നൽകിയിരുന്നു. ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം സംസ്ഥാനമാണ് നൽകുക. പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മൂന്നുതവണ കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. പലതവണ കത്തുകളും അയച്ചു. കേന്ദ്രനടപടി വൈകുന്നതിനാല്‍ ഭൂഉടമകൾക്ക് വസ്‌തു പണയപ്പെടുത്തി വായ്‌പ എടുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയുന്നില്ല.










0 comments