പാണക്കാട് മലയിടിച്ചിൽ
അനുമതിയിൽ അടിമുടി ദുരൂഹത

മലപ്പുറം
പാണക്കാട് എടായിപ്പാലത്ത് മലയിടിച്ചിലിന് കാരണമായ പാറപൊട്ടിക്കലും മണ്ണുനീക്കലും സംബന്ധിച്ച ദുരൂഹത നീങ്ങിയില്ല. മണ്ണിടിച്ചിലുണ്ടായി ദിവസങ്ങൾ പിന്നിടുന്പോഴും പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ് പാറപൊട്ടിക്കാനും മണ്ണുനീക്കാനും ലഭിച്ച അനുമതികളെക്കുറിച്ച് അധികൃതർ പറയുന്നത്. നഗരസഭാ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവരുടെ നിലപാടുകളെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തള്ളിയതോടെ അടിമുടി അനധികൃതമായ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നതെന്നാണ് വെളിവാകുന്നത്. മലയിടിഞ്ഞതിന്റെ സമീപത്ത് മണ്ണെടുപ്പ് നടന്ന സ്ഥലത്ത് അനധികൃതമായാണ് പാറ പൊട്ടിച്ചതെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഇനിയിവിടെ നിർമാണ പ്രവൃത്തികൾ അനുവദിക്കില്ലെന്നും മണ്ണെടുപ്പിന് നഗരസഭ കൊടുത്ത അനുമതിയുടെ മറവിൽ ആരും അറിയാതെയാണ് സ്ഥലം ഉടമ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതെന്നുമാണ് മന്ത്രിയുടെ പ്രതികരണം. നഗരസഭാ ചെയർപേഴ്‌സന്റെയും റവന്യു– ജിയോളജി അധികൃതരുടെയും മുൻ നിലപാടുകൾ നേരെ തിരിച്ചായിരുന്നു. തിങ്കൾ രാവിലെ അപകടമുണ്ടായപ്പോൾ അനധികൃത ഖനനമാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞ ചെയർപേഴ്‌സൺ മണിക്കൂറുകൾക്കുള്ളിൽ തിരുത്തി. മണ്ണെടുക്കലും പാറപൊട്ടിക്കലുമെല്ലാം അനുമതി കാലാവധി കഴിഞ്ഞും തുടർന്നതാകാം കാരണമെന്നായി പിന്നീടുള്ള വാദം. സ്ഥലത്തെത്തിയ എഡിഎമ്മും ജിയോളജി അധികൃതരും നിർദിഷ്ട ഭൂമിയിൽ പാറപൊട്ടിക്കാൻ അനുമതി നൽകിയിരുന്നതായും വെളിപ്പെടുത്തി. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന്റെ 200 മീറ്റർമാത്രം അകലെയുള്ള ഭൂമിയിൽ മണ്ണിടിച്ചിലുണ്ടായതോടെ ഭൂവുടമകളെ സംബന്ധിച്ചും ചെങ്കുത്തായ സ്ഥലത്തെ നിർമാണ അനുമതികളെ സംബന്ധിച്ചും അഭ്യൂഹമുയർന്നിരുന്നു. മണ്ണും പാറയും നീക്കുന്പോൾ സമീപമുള്ള മന്ത്രി ഇടപെടാതിരുന്നതും ചർച്ചയായി. എന്നാൽ ചൊവ്വ രാവിലെയോടെ ഉടമകളായ നൗഫൽ കടക്കാടനും (പാലമഠത്തിൽ നൗഫൽ) മറ്റൊരു ഉടമയായ സി പി മറിയുമ്മയുടെ മകൻ അബ്ദുസലീമും രംഗത്തെത്തി പ്രവൃത്തികളെല്ലാം അനുമതിയോടെ മാത്രമായിരുന്നുവെന്ന് അറിയിച്ചു. മറിയുമ്മയുടെ മകൻ അബ്ദുസലീമിന്റെ മേൽനോട്ടത്തിലാണ് ഇവിടെ മണ്ണെടുത്തതും പാറ പൊട്ടിച്ചതും. അബ്ദുസലീം ഉൗരകം മല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി ക്വാറികളുടെ ഉടമയും നൗഫൽ കടക്കാടൻ മുസ്ലിംലീഗിലെ പല ഉന്നതരുമായും അടുത്ത ബന്ധം പുലർത്തുന്നയാളുമാണ്. മന്ത്രി കുഞ്ഞാലിക്കുട്ടി വിഷയത്തിൽ ഇടപെട്ടതായി തൊട്ടടുത്ത ദിവസം പ്രദേശവാസി വെളിപ്പെടുത്തിയിരുന്നു.










0 comments