മറവ് ചെയ്യാനിടമില്ല
പുഴുവരിച്ച നായകൾ തെരുവിൽ

പനവിള ജങ്‌ഷനിൽ നായ ചത്തനിലയിൽ

സ്വന്തം ലേഖകൻ
Published on Jun 21, 2026, 11:24 PM | 1 min read
തിരുവനന്തപുരം
ചത്തുകിടക്കുന്ന നായകളെ നടപ്പാതയിൽനിന്ന് നീക്കാനും കോർപറേഷനിൽ ആളില്ല. പനവിളയിൽ നടപ്പാതയിൽ നായയുടെ ജഡം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ അധികൃതരെ അറിയിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും നീക്കിയില്ല. അഴുകി ദുർഗന്ധം വമിച്ചശേഷമാണ് മാറ്റിയത്. കാക്കകൾ കൊത്തിവലിച്ചനിലയിൽ ശ്രീകണ്‌ഠേശ്വരത്ത് ആമയിഴഞ്ചാൻ തോടിനുസമീപവും രണ്ടുദിവസംമുന്പ് നായ ചത്തുകിടന്നിരുന്നു. കോർപറേഷന് ഇവയെ മറവുചെയ്യാൻ ഇടമില്ല. വന്ധ്യംകരണം ചെയ്യുന്ന ആശുപത്രികളുടെ പിന്നിൽ കുഴിച്ചിടുകയാണ് പതിവ്. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളെല്ലാം നായകളുടെ താവളമായി. ജനങ്ങൾക്ക് പേടിച്ച് പുറത്തിറങ്ങാനാകുന്നില്ല. രണ്ടാഴ്ചമുമ്പാണ് വയോധികന്റെ കൺപോള നായ്ക്കൂട്ടം കടിച്ചെടുത്തത്. ശുചീകരണം പാളിയതോടെ നായശല്യം വർധിച്ചു. ഫ്ലാറ്റുകളിലും വീടുകളിലുമുള്ള മാലിന്യം ശേഖരിക്കുന്നില്ല. ബക്കറ്റുകളിലാക്കി സൂക്ഷിക്കുന്ന മാലിന്യം പുഴുവരിച്ച് നാറിയാലും നീക്കാൻ ആളെത്തുന്നില്ല. കൗൺസിലർമാരോട് പരാതി പറഞ്ഞുമടുത്തു. നിർവാഹമില്ലാതാകുമ്പോൾ എവിടെയെങ്കിലും കൊണ്ടുപോയി വലിച്ചെറിയും. ഇവ ഭക്ഷണമാക്കാനാണ് തെരുവുകളിൽ നായകൾ കറങ്ങിനടക്കുന്നത്. നഗരശുചീകരണം വീഴ്‌ചയായത് നായകൾ പെരുകുന്നതിനിടയാക്കി. നഗരവാസികളുടെ കണ്ണിൽ പൊടിയിടാൻ ശനിയാഴ്‌ച മെഡിക്കൽ കോളേജിനുസമീപത്തുനിന്ന് ആറ് നായകളെ പിടികൂടി. ആവശ്യമായ നായപിടിത്തക്കാരും കോർപറേഷനില്ല.










0 comments