Deshabhimani

വിസ തട്ടിപ്പ് കേസ്‌

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 27, 2026, 11:54 PM | 1 min read

കഴക്കൂട്ടം

വിസ തട്ടിപ്പ് കേസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിച്ചെടുക്കാൻ കഴക്കൂട്ടം പൊലീസ് നടത്തിയത് വൻ ഒത്തുകളി. ആഭ്യന്തരമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജോളി പത്രോസിനെതിരെ പരാതിക്കാർ നൽകിയ മൊഴി വളച്ചൊടിച്ചാണ് പൊലീസ് കേസ് അട്ടിമറിച്ചത്. മൊഴി രേഖപ്പെടുത്തിയതിലെ പിഴവ് ചൂണ്ടിക്കാണിച്ചപ്പോൾ എസ്ഐ അസഭ്യം പറയുകയും പരാതിക്കാരെ അധിക്ഷേപിക്കുകയും ചെയ്തു. ജോളി പത്രോസും ഭർത്താവ് ജയപാലൻ റൊസാരിയോയും ചേർന്ന്‌ ഇസ്രയേലിലേക്ക്‌ വിസ വാഗ്ദാനംചെയ്‌ത്‌ 14 ഉദ്യോഗാർഥികളിൽനിന്ന്‌ 1.10 കോടിരൂപ തട്ടിയെന്നാണ്‌ പരാതി. റൊസാരിയോയെ ഒന്നാം പ്രതിയാക്കിയ പൊലീസ് ജോളിയെ ഒഴിവാക്കിയെന്നും ഇടപാടിൽ നേരിട്ട് പങ്കെടുത്ത ഡിജിറ്റൽ തെളിവുകൾ നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാർ ആരോപിച്ചു. ഇതിനായി പൊലീസ്‌ മൊഴി തെറ്റായാണ്‌ രേഖപ്പെടുത്തിയതെന്നും പരാതിക്കാർ പറയുന്നു. വ്യാഴം പകൽ 12ന് കഴക്കൂട്ടം സ്റ്റേഷനിലെത്തിയ പരാതിക്കാരെ ഏഴ്‌ മണിക്കൂറോളം പിടിച്ചിരുത്തി. പൊലീസ് ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരായ അനിഷയും ഭർത്താവ്‌ ഇസ്‌മായിലും മാധ്യമങ്ങളോട് പറഞ്ഞു. കന്റോൺമെന്റ്‌ സ്റ്റേഷനിലാണ് ആദ്യം പരാതി നൽകിയത്. ദിവസങ്ങളോളം കയറിയിറങ്ങിയിട്ടും പൊലീസ് കേസെടുത്തില്ല. ഒടുവിൽ ആഭ്യന്തരമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയതോടെ പരാതി കഴക്കൂട്ടം പൊലീസിന്‌ കൈമാറി. സംഭവം വിവാദമായതോടെ പരാതിക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രതികൾക്ക് ഒരു മാസത്തെ സമയം നൽകണമെന്നും പണം തിരികെ വാങ്ങിനൽകാമെന്നും പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. എന്നാൽ പണം നൽകാതെ റൊസാരിയോ നാടുവിട്ടു. തുടർന്നാണ് പൊലീസ് കേസെടുക്കാൻതന്നെ തയ്യാറായതെന്നും പരാതിക്കാർ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home