മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ എംബിബിഎസ് ഇല്ലാതാക്കരുത്: സിപിഐ എം

മലപ്പുറം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ എംബിബിഎസ് കോഴ്സിന്റെ അംഗീകാരം ഇല്ലാതാക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
നേത്രരോഗ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തിക ഇല്ലാതാക്കിയ സർക്കാർ നടപടി എംബിബിഎസ് കോഴ്സിന്റെ അംഗീകാരത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ദേശീയ മെഡിക്കൽ കമീഷൻ (എൻഎംസി) നിഷ്കർഷിച്ച അധ്യാപക തസ്തികകളുടെ ഘടനയിൽ മാറ്റംവരുത്തിയതാണ് പ്രതിസന്ധിയിലാക്കിയത്. മെഡിക്കൽ കോളേജുകളിലെ ഓരോ പഠനവിഭാഗത്തിലും ഒരു പ്രൊഫസർ, ഒരു അസോസിയേറ്റ് പ്രൊഫസർ, രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാർ, ആവശ്യമായ സീനിയർ റസിഡന്റുമാർ എന്നിവരുണ്ടാകണമെന്നാണ് എൻഎംസിയുടെ നിർദേശം. നിർബന്ധിത തസ്തികകൾ സൃഷ്ടിക്കാതിരിക്കുകയോ നിയമനം നടത്താതിരിക്കുകയോ ചെയ്താൽ എംബിബിഎസ് കോഴ്സിന്റെ അംഗീകാരം നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് കമീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേത്രരോഗ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ സ്ഥലംമാറിയിട്ട് മാസങ്ങളായിട്ടും പകരം നിയമനം നടത്തിയിരുന്നില്ല. ഇതിനുപിന്നാലെയാണ് നിലവിലുണ്ടായിരുന്ന അസോസിയേറ്റ് പ്രൊഫസർ തസ്തികതന്നെ തിരുവനന്തപുരത്തേക്ക് മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
എൻഎംസി പരിശോധനാ വേളകളിൽ സമീപത്തെ മെഡിക്കൽ കോളേജുകളിൽനിന്ന് താൽക്കാലികമായി അധ്യാപകരെ എത്തിച്ച് പരിശോധന നേരിടുന്ന രീതിയായിരുന്നു മുൻ യുഡിഎഫ് സർക്കാർ തുടർന്നത്. ഇത് ആദ്യ എംബിബിഎസ് ബാച്ചിന്റെ അംഗീകാരം നഷ്ടപ്പെടാൻ കാരണമായി. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയതോടെയാണ് അംഗീകാരം വീണ്ടെടുക്കാനായത്. ഇതേ സ്ഥിതിതന്നെയാണ് ആവർത്തിക്കുന്നത്. ഇത് നാടിനോടുള്ള വെല്ലുവിളിയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ സിപിഐ എം ശക്തമായ പ്രക്ഷോഭമുയർത്തുമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.








0 comments