തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് മീൻപിടിത്തം: വള്ളം പിടികൂടി

കൊടുങ്ങല്ലൂർ
തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് കടലിൽ പ്രകാശം പരത്തി അനധികൃത മത്സ്യബന്ധനം നടത്തിയ ഫൈബർ വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റും അഴിക്കോട് തീരദേശ പൊലീസും ചേർന്ന് പിടികൂടി. കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നതിനിടെയാണ് തമിഴ്‌നാട് കന്യാകുമാരി കൽക്കുളം സ്വദേശി സജു ലോറൻസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സെന്റ് അൽഫോൺസ വള്ളം പിടിച്ചെടുത്തത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജേയ്നി ജേക്കബ്ബിന്റെയും അഴീക്കോട് കോസ്റ്റൽ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ വി അനന്ത ബാബുവിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷക സംഘം തീരക്കടലില്‍ പട്രോളിങ്ങിനിടെ നടത്തിയ പരിശോധനയിലാണ് ഹൈവോൾട്ടേജ് ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്നത് കണ്ടെത്തിയത്. എൽഇഡി ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, ട്യൂബുകൾ, ജനറേറ്ററുകൾ എന്നിവ അന്വേഷകസംഘം പിടിച്ചെടുത്തു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് വള്ളവും ലൈറ്റുകളും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് ഫൈബർ വള്ളത്തിന് അമ്പതിനായിരം രൂപ പിഴയിട്ടു. രാത്രി അമിത വെളിച്ചം ഉപയോഗിച്ച് മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് പിടിക്കുന്നതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ് രജേഷ് പറഞ്ഞു. അഴീക്കോട് തീരദേശ പൊലീസ് സബ് ഇൻസ്പെക്ടർ പി ആർ തോമസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീക്ക്, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിപിൻ, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫീസർമാരായ വി എം ഷൈബു, വി എൻ പ്രശാന്ത് കുമാർ, എ എഫ് ഇ ഒ ലീന ഡെന്നീസ്, എഫ് ഒ അൻസിൽ, മെക്കാനിക്ക് മനോജ്, കോസ്റ്റൽ വാർഡൻ പ്രബിൻ എന്നിവര്‍ പരിശോധനയ്‌ക്ക് നേതൃത്വം നൽകി.







0 comments