സംസ്ഥാന ബജറ്റ്
യുവതയ്ക്ക് ഒന്നുമില്ല, പറ്റിക്കൽ തുടരും

തിരുവനന്തപുരം
പഠിച്ച് തയ്യാറാക്കിയ തിരക്കഥയുമായി ജെൻസികളെ പറ്റിക്കാൻ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശൻ. പുതുതലമുറ വോട്ടുകിട്ടാൻ കൊണ്ടുവന്ന വണ്ടി മോഡിഫിക്കേഷൻ എന്ന പൊള്ള നയത്തിനുശേഷമാണ് ബജറ്റിൽ പ്രഖ്യാപിച്ച വാഗ്‌ദാനങ്ങൾ. എൽഡിഎഫ് പ്രഖ്യാപിച്ച സൗജന്യ ബിരുദ പഠനം, തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന കണക്ട് ടു വർക്ക് തുടങ്ങിയവയെപ്പറ്റി പരാമർശംപോലും ഉണ്ടായില്ല. പൊതുമേഖല സ്വകാര്യവൽക്കരിച്ച് യുവതയുടെ ജോലിസാധ്യത വർധിപ്പിക്കുമെന്ന പ്രഖ്യാപനം യാഥാർഥ്യം മറയ്‌ക്കുന്നതാണ്. കേരളത്തിലുടനീളം സ്വകാര്യ എൻജിനിയറിങ് കോളേജ് അനുവദിച്ച് പണം മുക്കിയതൊക്കെയും യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു. ഭാവിയിലെ എൻജിനിയർമാരുടെ പെരുപ്പം മുൻകൂട്ടി കാണാതെയുള്ള തീരുമാനമായിരുന്നു അത്. ഇപ്പോഴാകട്ടെ എല്ലാവർക്കും ജോലി നൽകുമെന്നാണ് പ്രഖ്യാപനം. എന്നാൽ പദ്ധതികൾക്ക് കൃത്യമായ രൂപരേഖയില്ല. വിദേശനിക്ഷേപം ആകർഷിക്കൽ, സാങ്കേതിക വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ പരാമർശിച്ചിട്ടുപോലുമില്ല. ഇൻഫോപാർക്ക്, ടെക്‌നോപാർക്ക് പോലുള്ള ഐടി സ്ഥാപനങ്ങളിലേക്ക് പുതിയ കമ്പനികളെ എത്തിക്കാനും ശ്രമങ്ങളില്ല. ജെൻസികൾക്ക് സ്റ്റാർട്ടപ്പിന് തുക അനുവദിച്ചെങ്കിലും ഇതിനും മാർഗരേഖയില്ല. എൽഡിഎഫ് സർക്കാർ കാലത്ത് കെ –ഡിസ്‌കിനുകീഴിൽ ആരംഭിച്ച വിജ്ഞാന കേരളം പദ്ധതിയുടെ വ്യാജപകർപ്പാണ് ബ്രിജ് പ്രോഗ്രാം എന്ന പേരിൽ അവതരിപ്പിച്ചത്. വർഷം അഞ്ചുലക്ഷം പേർക്ക് തൊഴിലും രണ്ടുലക്ഷം പേർക്ക് തൊഴിൽ നൈപുണി പരിശീലനവും നൽകുന്നതാണ് വിജ്ഞാന കേരളം. ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ് മാതൃകയിൽ കായികമേള സംഘടിപ്പിച്ച് ഭാവി താരങ്ങളെ വളർത്താൻ ശ്രമിച്ചതും എൽഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു. എല്ലാ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളങ്ങൾ ഒരുക്കാൻ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി നടപ്പാക്കിയതും എൽഡിഎഫ്. അതിവേഗ ഇന്റർനെറ്റ് പദ്ധതി കെ ഫോൺ, പബ്ലിക് വൈഫൈ ഹോട്ട് സ്‌പോട്ടുകൾ എന്നിവയും പുതുതലമുറയ്‌ക്കായി എൽഡിഎഫ് സർക്കാർ നടപ്പാക്കി.










0 comments