ഇവിടത്തെ കാറ്റാണ് കാറ്റ്

ആഴാങ്കല്‍
ബിജോ ടോമി
Published on Apr 08, 2026, 10:19 PM | 1 min read
തിരുവനന്തപുരം
നഗരത്തിരക്കുകളിൽനിന്ന് അകന്ന് അൽപ്പനേരം ചെലവഴിക്കണോ. ആഴാങ്കലിലേക്ക് പോരൂ... കരമനയാറിന്റെ തീരത്തുകൂടി പ്രകൃതിയുടെ ശാന്തതയിൽ അലിഞ്ഞ് നടക്കാം. തണൽ വിരിക്കുന്ന മരങ്ങളുള്ള കരമനയാറിന്റെ തീരത്തെ ആഴാങ്കൽ നടപ്പാത പൊതുജനങ്ങൾക്ക് വിനോദത്തിനും വ്യായാമത്തിനും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നേമം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന നടപ്പാതയുടെ സൗന്ദര്യവൽക്കരണം 16.2 കോടി ചെലവഴിച്ചാണ് നടപ്പാക്കിയത്. ‘കാടുപിടിച്ച് കിടന്ന സ്ഥലമായിരുന്നു ഇത്. ആരും ഇൗ ഭാഗത്തേക്ക് വരാറുപോലും ഇല്ലായിരുന്നു. അന്നത്തെ സാഹചര്യങ്ങൾ അടിമുടി മാറി. ഇപ്പോൾ രാവിലെയും വൈകിട്ടുമായി നിരവധി പേരാണ് ഇവിടെ നടക്കാൻ വരുന്നത്. ഇതൊരു വിനോദകേന്ദ്രംപോലെയായി’ സമീപവാസിയായ വീട്ടമ്മ പറഞ്ഞു. രണ്ട് കിലോമീറ്ററിലധികം നീളത്തിലുള്ള നടപ്പാതയ്‌ക്ക് ചുറ്റും ഉദ്യാനവുമുണ്ട്. പ്രഭാത, സായാഹ്ന സവാരിക്കാർക്ക് ഏറെ ഉപകാരപ്രദമായ ടൈൽ പാകിയ പാത ഭിന്നശേഷീ സൗഹൃദമാണ്. വശങ്ങളിലായി ഇരിപ്പിടങ്ങളുമുണ്ട്. കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാനുള്ള സൗകര്യം, റേഡിയോ പാർക്ക്, ഫുട്ബോൾ ടർഫ്, പ്ലേ ഏരിയ, ശൗചാലയം തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. സേവ് ദ ഡേറ്റ് ഉൾപ്പെടെയുള്ളവയ്‌ക്ക് ഫോട്ടോ എടുക്കാൻ നിരവധി പേരാണ് നടപ്പാത തെരഞ്ഞെടുക്കുന്നത്. തുടർവികസനങ്ങളുടെ ഭാഗമായി ബോട്ടിങ്, ഓപ്പൺ ജിം തുടങ്ങിയ സൗകര്യങ്ങളും ആഴാങ്കലിൽ വൈകാതെ സജ്ജമാകും.










0 comments