അധ്വാനം വെറുതെയായില്ല ഇനി ബിരുദത്തിലേക്ക്

അഷാ ദുൽ ഹക്കിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി സർട്ടിഫിക്കറ്റ് നൽകുന്നു
സ്വന്തം ലേഖിക
Published on Oct 09, 2026, 11:05 PM | 1 min read
തിരുവനന്തപുരം
ഉപജീവനത്തിനായി ഏഴാം ക്ലാസ് പഠനം മാത്രം കൈമുതലാക്കി നാട്ടിൽനിന്നിറങ്ങുമ്പോൾ അസം സ്വദേശി അഷാ ദുൽ ഹക്കിന്റെ മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കുടുംബം പുലർത്തുക. എന്നാൽ വർഷങ്ങൾക്കിപ്പുറം കഠിനാധ്വാനത്തിന്റെയും ഒപ്പമുള്ളവരുടെ കരുതലിന്റെയും കരുത്തിൽ ബിരുദ പഠനത്തിന് തയ്യാറെടുക്കുകയാണീ ചെറുപ്പക്കാരൻ. പതിനൊന്നാം വയസ്സിൽ അസമിലെ ടെഴ്‌പ്പൂർ ജില്ലയിലുള്ള ഇതഖോല ഗ്രാമത്തിൽനിന്നാണ് അഷാ ദുൽ ഹക്ക് കേരളത്തിലേക്ക് വണ്ടികയറുന്നത്. ആര്യനാട് പഞ്ചായത്തിലെ ഹോട്ടലിൽ ജോലിക്കാരനായായിരുന്നു തുടക്കം. പിന്നീട് അസീസി ആശ്രമത്തിലെ ജോലിയിലെത്തിപ്പെട്ടു. കഷ്‌ടപ്പാടിനിടയിലും ഉള്ളിലെ പഠനമോഹം ഉപേക്ഷിക്കാൻ തയ്യാറായില്ല. ആര്യനാട്ടെ സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങളാണ് അഷാ ദുൽ ഹക്കിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. പ്രേരക് ബിന്ദു, നോഡൽ പ്രേരക് രാജീവ് എന്നിവരുടെ പ്രോത്സാഹനത്തിൽ പത്താംതരം തുല്യതാ കോഴ്സിൽ ചേർന്നു. ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഠനകേന്ദ്രത്തിൽനിന്ന് മികച്ച വിജയമാണ് നേടിയത്. തുടർന്ന് പ്രേരക് കുമാരിസുമയുടെ പിന്തുണയിൽ ഹയർ സെക്കൻഡറി തുല്യതാ കോഴ്സും ഉയർന്ന മാർക്കോടെ പാസായി. എന്നാൽ ബിരുദ പഠനമെന്ന അടുത്ത ലക്ഷ്യത്തിന് മുന്നിൽ സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് അവിടെ കൈത്താങ്ങായത്. ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവർക്ക് സാക്ഷരതാ മിഷൻ വഴി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിന് അവസരമൊരുക്കുന്ന പദ്ധതിയെക്കുറിച്ച് പ്രേരക് ബിന്ദുവാണ് അറിയിച്ചത്. വർഷങ്ങളായി ആര്യനാട്ട് സ്ഥിരതാമസക്കാരനായ അഷാ ദുൽ ഹക്ക് അങ്ങനെ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെട്ടു. നിലവിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിഎ സോഷ്യോളജിക്ക് പ്രവേശനം നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനിയിൽനിന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ബി പി മുരളി, സാക്ഷരതാ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ഇ വി അനിൽ, അസി. കോ ഓർഡിനേറ്റർ കെ സജിത, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.








0 comments