മുഖ്യമന്ത്രി പറഞ്ഞത് നുണ
ശാരദയ്‌ക്ക് മർദനത്തിൽ പരിക്കേറ്റതായി ആശുപത്രി രേഖകൾ

സുധീർ വർക്കല
Published on Jul 29, 2026, 11:55 PM | 1 min read
വർക്കല
മുഖ്യമന്ത്രിയെ കാണാനെത്തിയ വയോധികയെ സെക്രട്ടറിയറ്റിൽ പൊലീസുകാർ മർദിച്ചില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത് നുണ. വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സിച്ചതിന്റെയും മുറിവേറ്റതിന്റെയും സർട്ടിഫിക്കറ്റ് ആശുപത്രി അധികൃതർ വർക്കല പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് മർദനമേറ്റ വർക്കല ഇടവ ചെമ്പകത്തിൻമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദ പറഞ്ഞു. ബുധനാഴ്‌ച വർക്കല ഡിവൈഎസ്‌പിക്ക് പരാതി നൽകാനെത്തിയപ്പോൾ ഉദ്യോഗസ്ഥർ ആദ്യം വിസമ്മതിച്ചു. പിന്നീട് പരാതി സ്വീകരിച്ച് രസീത് നൽകി. പൊലീസിന്റെ ക്രൂരമർദനം കാരണം ദേഹമാസകലം കടുത്ത വേദനയാണ്. സെക്രട്ടറിയറ്റിൽവച്ച് പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിനുള്ളിലേക്ക് തള്ളിക്കയറ്റുന്നതിനിടെ കണ്ണട പൊട്ടി. ആധാറും വലിച്ചുകീറി. മുഖ്യമന്ത്രിയെ കാണാനുള്ള പാസുമായി എത്തിയപ്പോഴാണ് തന്നോട് ക്രൂരത കാട്ടിയതെന്നും ശാരദ പറയുന്നു. മർദിച്ചവരിലെ വനിതാ പൊലീസുകാർ 1000 രൂപ നീട്ടി കേസിന് പോകരുതെന്ന് കാലിൽവീണ് പറഞ്ഞു. പണം വാങ്ങിയില്ല. നീതിലഭിക്കാൻ ഏതറ്റംവരെയും പോകും– ശാരദ പറഞ്ഞു. അയൽവാസികളായ രാജൻബാബു, ഭാര്യ ബിന്ദു, ബന്ധു വസന്തകുമാരി എന്നിവർ ചേർന്ന് ശാരദയിൽനിന്ന് കടംവാങ്ങിയ 2.50 ലക്ഷം രൂപ തിരിച്ചുനൽകുന്നില്ലെന്ന പരാതി നൽകാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. പരാതി സ്വീകരിച്ച മുഖ്യമന്ത്രി രണ്ടുദിവസം കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടു. പറഞ്ഞ ദിവസം എത്തിയപ്പോഴായിരുന്നു പൊലീസ് മർദനം–ശാരദ പറഞ്ഞു.










0 comments