തേനും പായസവും പലഹാരങ്ങളുമായി "രസിക'
കളറാക്കാൻ സുജയും സിംജയും

സുജയും സിംജയും തേനീച്ചക്കൂട്ടിൽനിന്ന് തേൻ ശേഖരിക്കുന്നു
സുധീർ വർക്കല
Published on Aug 23, 2026, 12:00 AM | 1 min read
വർക്കല
നിങ്ങളുടെ ഇഷ്ടപ്പെട്ട പഴങ്ങളെല്ലാം ചേര്‍ത്തൊരു പായസമായാലോ... അതോ ചക്കപ്പായസം മതിയോ? ഏത് രുചിക്കണമെന്ന് കണ്‍ഫ്യൂഷനാകുന്ന പായസരുചികള്‍ പരിചയപ്പെടുത്തുകയാണ് സിംജയും സുജയും. ചെമ്മരുതി കുടുംബശ്രീയുടെ കീഴിൽ കോവൂരില്‍ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ കാർഷിക സംരംഭമായ രസികയിലൂടെയാണ് ഓണരുചികള്‍ ഇവര്‍ സമ്മാനിക്കുന്നത്. മുളയരി, നേന്ത്രപ്പഴം, ചക്ക, ചാമയരി, മിക്സഡ് ഫ്രൂട്ട്സ് എന്നീ പായസങ്ങളാണ് ഓണവിപണിയിലെ ട്രെന്‍ഡിങ് ഉൽപ്പന്നങ്ങള്‍. പായസത്തിനുപുറമെ പാഷൻഫ്രൂട്ട്, മുന്തിരി, പൈനാപ്പിൾ ജ്യൂസുകളും രസികയുടെ ബേക്കറി യൂണിറ്റില്‍ ഉൽപ്പാദിപ്പിക്കുന്നുണ്ട്. എള്ളുണ്ടയാണ് രസികയുടെ ട്രേഡ്മാര്‍ക്ക് ഉൽപ്പന്നം. കേരളത്തിനകത്തും പുറത്തുമായി ഓർഡർ അനുസരിച്ച് എള്ളുണ്ട വിൽപ്പനയുണ്ട്. ബൺ, ബർഗർ, കട്‌ലറ്റ് എന്നിവയും ഇവിടെയുണ്ട്. കൂടാതെ ചക്ക, പൈനാപ്പിൾ, നേന്ത്രപ്പഴം എന്നിവ കൊണ്ടുള്ള കേക്കുകളും വിപണിയിലുണ്ട്. പ്രിസർവേറ്റീവ്സ് ചേർക്കാത്ത ഉൽപ്പന്നങ്ങളാണ് രസികയുടെ പ്രത്യേകത. ഓർഡർ അനുസരിച്ച് മാത്രമാണ് ഉൽപ്പാദനവും വിതരണവും. ഹോം ഡെലിവറിയുമുണ്ട്. ബേക്കറി ഐറ്റങ്ങള്‍ മാത്രമല്ല ഇഞ്ചി, മഞ്ഞൾ, പച്ചക്കറിക്കൃഷി, കോഴിവളർത്തല്‍ എന്നിവയിലും രസികയുടെ കൈയൊപ്പുണ്ട്. തേനീച്ചക്കൃഷിയാണ് മറ്റൊരു ആകര്‍ഷണം. തേനീച്ചയിൽനിന്ന് ലഭിക്കുന്ന വാക്സ് ഉപയോഗിച്ച് ഹീൽബാം, ലിപ്ബാം, ഫേസ് പാക്ക് തുടങ്ങിയവയും നിർമിക്കുന്നു. 2017ല്‍ ഒറ്റയാള്‍ സംരംഭമായി ആരംഭിച്ച രസിക, കാർഷിക വ്യാവസായിക രംഗത്ത് വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളുമായി ചുവടുറപ്പിച്ചു. പഞ്ചായത്തിലെ കൃഷിക്കൂട്ടത്തിലും യൂണിറ്റിന് അംഗത്വമുണ്ട്. ബേക്കറിയുടെ മേൽനോട്ടം സുജയും കൃഷി, തേനീച്ച വളർത്തൽ എന്നിവ സിംജയ്ക്കുമാണ്. അഞ്ച് തൊഴിലാളികളും ഇവര്‍ക്കൊപ്പമുണ്ട്. വെള്ളനാട്ടെ മിത്രനികേതന്റെ സാങ്കേതിക സഹായത്തിലാണ് പ്രവര്‍ത്തനം. ഓണക്കാലത്ത് ചെമ്മരുതി പഞ്ചായത്ത് സ്റ്റാളിലും എംജിഎം സ്കൂൾ സ്റ്റാളിലും രസിക ഉൽപ്പന്നങ്ങൾ വിൽപ്പനയ്‌ക്കുണ്ടാകും.










0 comments