ഉദ്യോഗാർഥികൾക്കായി ഐക്യദാർ-ഢ്യച്ചങ്ങല

എൽപിഎസ്‌ടി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ ഐക്യദാർഢ്യച്ചങ്ങല സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ കള്ളക്കേസിൽ കുടുക്കി സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഉദ്യോഗാർഥികൾക്കൊപ്പംനിന്ന് പൊരുതി മുന്നോട്ടുപോകുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. സെക്രട്ടറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്‌ടി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആരംഭിക്കുന്ന ഐക്യദാർഢ്യച്ചങ്ങല പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. വാക്കും പഴയ ചാക്കും ഒരുപോലെയെന്ന രീതിയിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിരവധി വാഗ്ദാനങ്ങളാണ് വി ഡി സതീശൻ നൽകിയത്. എന്നാൽ അധികാരമേറ്റതുമുതൽ വിശ്വാസവഞ്ചനയാണ് കാണിക്കുന്നത്. സമരം ഇല്ലാതാക്കാൻ സർക്കാർ ശ്രമിച്ചാൽ ഡിവൈഎഫ്ഐ പ്രതിരോധമുയർത്തുമെന്നും അവർ കൂട്ടിച്ചേർത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി അനൂപ്, ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ, സെക്രട്ടറി എൽ എസ് ലിജു, ട്രഷറർ എസ് എസ് നിതിൻ, വിദ്യ മോഹൻ, ബി മനുകൃഷ്ണൻ, അരുൺ സണ്ണി, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. ആദ്യ ദിനം ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. സമരപ്പന്തലിനുമുന്പിൽ തുടർദിവസങ്ങളിൽ എൽപിഎസ്‌ടി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യവുമായി വൈകിട്ട് ഏഴുമുതൽ 10വരെ പ്രമുഖരെ പങ്കെടുപ്പിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും. എൽപിഎസ്‌ടി ഉദ്യോഗാർഥികൾക്ക് മുഖ്യമന്ത്രി നൽകിയ വാക്കുപാലിക്കുക, ഉദ്യോഗാർഥികൾക്കെതിരെയെടുത്ത കള്ളക്കേസുകൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.









0 comments