Deshabhimani

ടിക്കറ്റെടുക്കാൻ ഒരു രൂപ കുറഞ്ഞു

പ്ലസ്‌ വൺ വിദ്യാർഥിയെ മഴയത്ത് 
ബസിൽനിന്ന്‌ ഇറക്കിവിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2026, 11:11 PM | 1 min read

തിരുവനന്തപുരം

ഒരു രൂപയുടെ പേരിൽ പ്ലസ്‌ വൺ വിദ്യാർഥിയെ പെരുമഴയത്ത് വഴിയിൽ ഇറക്കിവിട്ട് കെഎസ്ആർടിസി കണ്ടക്ടർ. വെള്ളനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും പനക്കോട് സ്വദേശിയുമായ ആദിഷിനോടാണ് കണ്ടക്ടർ മനുഷ്യത്വരഹിതമായി പെരുമാറിയത്. വെള്ളനാട് ഡിപ്പോയിലെ കണ്ടക്ടർ അരവിന്ദ് ലാലിനെതിരെ വിദ്യാർഥി എടിഒക്ക്‌ പരാതി നൽകി. ചൊവ്വ വൈകിട്ട്‌ 4.21-ന് ആര്യനാട്ടേക്ക് പോയ സിറ്റി ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. വെള്ളനാട്– പനക്കോട് റൂട്ടിൽ കൺസഷൻ കാർഡുള്ള ആദിഷ് അതുവഴി ബസ് സർവീസ് കുറവായതിനാൽ കുളപ്പടവരെ സൈക്കിളിൽ വന്ന്‌ ആര്യനാട് വഴിയാണ് സ്കൂളിൽ പോകുന്നത്. എന്നാൽ കണ്ടക്ടർ അരവിന്ദ് ലാൽ കുട്ടിക്ക്‌ കൺസഷൻ അനുവദിച്ചില്ല. ടിക്കറ്റെടുക്കാൻ ശ്രമിച്ച കുട്ടിയുടെ കൈവശം 14 രൂപയാണ്‌ ഉണ്ടായിരുന്നത്. ആര്യനാട് സ്റ്റാൻഡിലേക്ക് 15 രൂപയാണ്‌ ചാർജ്. വെറും ഒരു രൂപ കുറവാണെന്ന്‌ പറഞ്ഞ്‌ കണ്ടക്ടർ 12 രൂപയുടെ ടിക്കറ്റ് നൽകി രണ്ട് കിലോമീറ്റർ മുന്പുള്ള ചാങ്ങ ജങ്ഷനിൽ ഇറക്കിവിടുകയായിരുന്നു. കനത്ത മഴയിലാണ്‌ കുട്ടിയോട് ക്രൂരത കാട്ടിയത്. പണം നാളെ തരാമെന്ന് വിദ്യാർഥി കരഞ്ഞ് പറഞ്ഞിട്ടും മറ്റുള്ള യാത്രക്കാരുടെ മുന്നിൽവച്ച് അപമാനിക്കുന്ന തരത്തിലാണ്‌ കണ്ടക്ടർ സംസാരിച്ചത്‌. മൂന്ന് കിലോമീറ്ററോളം പെരുമഴയിൽ നടന്നാണ് വിദ്യാർഥി ആര്യനാടെത്തിയത്. കുട്ടികളോടും സ്ത്രീകളോടും മാന്യമായി പെരുമാറണമെന്ന പൊതുനിർദേശങ്ങൾ നിലനിൽക്കെയാണ് ജീവനക്കാരന്റെ പ്രതികാരനടപടി. സംഭവം വിവാദമായതോടെ പരാതി പിൻവലിക്കാൻ ശ്രമം നടന്നെങ്കിലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി നടപടി ആവശ്യപ്പെട്ട് മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഐഎൻടിയുസി അനുകൂല സംഘടനാ ഭാരവാഹിയായ ജീവനക്കാരനെ സംരക്ഷിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. മനുഷ്യത്വരഹിതമായി പെരുമാറിയ ജീവനക്കാരനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home