കൂരിരുട്ടിൽ കുടുങ്ങി ജനം


സ്വന്തം ലേഖകൻ
Published on Sep 12, 2026, 12:28 AM | 1 min read
തിരുവനന്തപുരം
വൈദ്യുതി എപ്പോൾ പോകും വരും എന്നൊന്നും പറയാനാകാത്ത സ്ഥിതിയിലാണ് നാട്. നഗരത്തിൽ അഞ്ചുവട്ടമാണെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ പത്തിലേറെ തവണയാണ് മുടക്കം. കുട്ടികൾമുതൽ വയോജനങ്ങൾക്കുവരെ ഉറക്കം നഷ്ടപ്പെടുന്ന രാത്രികൾ. ഉപകരണങ്ങളുടെ സഹായത്താൽ ഓക്‌സിജൻ ലഭ്യമാകുന്ന കിടപ്പുരോഗികൾ, ഇൻസുലിൻ അടക്കമുള്ള മരുന്നുകൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്ന പ്രമേഹരോഗികൾ, ബേക്കറി ഉടമകൾ, കാറ്ററിങ് സെന്ററുകൾ മുതൽ തട്ടുകടക്കാർവരെ പ്രതിസന്ധിയിലാണ്. വൈദ്യുതി മുടക്കം രാത്രി 12.45 വരെ ദീർഘിപ്പിച്ചിട്ടും അതിനുശേഷവും മുടങ്ങുന്നത് പതിവാണ്. പേരൂർക്കട കെഎസ്‌ഇബി സെക്ഷൻ പരിധിയിൽ ബുധൻ 12.16ന് വിച്ഛേദിക്കപ്പെട്ട വൈദ്യുതി തിരിച്ചെത്തിയത് പുലർച്ചെ 1.17ന്. ഗതികെട്ട് സബ് സ്റ്റേഷനിലേക്ക് വിളിച്ച വയോധികനോട് ‘ലോഡ് കൂടുതലായതിനാൽ ഇനിയും കറന്റ് പോകും’ എന്നായിരുന്നു മറുപടി. പവർകട്ടാണോ ലോഡ്‌ഷെഡ്ഡിങ്ങാണോ എന്ന ചോദ്യത്തിനും കൃത്യമായ മറുപടിയില്ല. തരാതരംപോലെ കട്ടാക്കും. മുൻകൂട്ടി സമയം പറഞ്ഞാൽ അത് ലോഡ്‌ഷെഡ്ഡിങ്ങായി പരിഗണിക്കേണ്ടിവരും. അതിനാൽ കട്ട് ചെയ്യുന്ന സമയത്തിന് നിശ്ചയമില്ല. ചെറുകിട ഹോട്ടലുകൾ നേരത്തേ അടച്ചുതുടങ്ങി. മില്ലിൽനിന്ന് മാവ് കൃത്യസമയത്ത് ആട്ടിക്കിട്ടാത്തതിനാൽ രാത്രിയിൽ പ്രവർത്തിച്ചിരുന്ന തട്ടുകടകളുടെ എണ്ണം കുറഞ്ഞു. പത്തുവർഷംമുന്പ് ഗോഡൗണിൽ കയറ്റി പൊടിയും വലയും പിടിച്ച ജനറേറ്റുകൾ പല സ്ഥാപനങ്ങളും പുറത്തെടുത്തു. കുതിച്ചുയരുന്ന ഇന്ധനവിലയിൽ ചെറിയ സ്ഥാപനങ്ങൾക്ക് ജനറേറ്റർ പ്രവർത്തിപ്പിച്ച് മുന്നോട്ടുപോകാനാകില്ല. മാനവീയം വീഥിയിലടക്കം നൈറ്റ്‌ലൈഫ് ആസ്വദിക്കാനെത്തിയിരുന്നവരുടെ വരവ് ഇല്ലാതായി. പിടിച്ചുപറിക്കാർക്കും ലഹരി മാഫിയകൾക്കും ഇരുട്ടിന്റെ മറ സൗകര്യമായി. മൂടാത്ത ഓടകളും കോൺക്രീറ്റ് തകർന്ന നടപ്പാതകളും തെരുവുനായകളും നഗരത്തിലെ രാത്രിയാത്രയ്‌ക്ക് ഭീഷണിയാണ്. അതേസമയം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വൈദ്യുതി മുടങ്ങാറില്ല.










0 comments