സ്‌കൂളുകളിൽ ഓണം നിറഞ്ഞാടി

കോട്ടൺഹിൽ സ്കൂളിൽ നടത്തിയ അത്തപ്പൂക്കള മത്സരത്തിന് പൂക്കളിടുന്ന കുട്ടികൾ
തിരുവനന്തപുരം
സ്‌കൂളുകൾക്ക് വെള്ളിയാഴ്‌ച പൂക്കളുടെയും പുത്തനുടുപ്പിന്റെയും സദ്യയുടെയും മണമായിരുന്നു. ആർപ്പുവിളിച്ചും നിറഞ്ഞാടിയും അവർ ഓണാഘോഷം കളറാക്കി. അത്തപ്പൂക്കള മത്സരത്തോടെയായിരുന്നു സ്കൂളുകളിലെ ഓണാഘോഷത്തിന്റെ തുടക്കം. ക്ലാസ് തിരിഞ്ഞും ഹൗസ് അടിസ്ഥാനത്തിലും നടന്ന മത്സരത്തിൽ കണ്ടത് വാശിയേറിയ പോരാട്ടം. നിശ്ചിത സമയത്തിൽ പലനിറങ്ങൾ നിറഞ്ഞ മനോഹരമായ പൂക്കളങ്ങൾ തയ്യാറായി. പതിവ് ഓണക്കളികളായ നാരങ്ങയും സ്‌പൂണും സുന്ദരിക്ക് പൊട്ടുകുത്തലും കുപ്പിയിൽ വെള്ളം നിറയ്‌ക്കലുമെല്ലാം അരങ്ങേറി. നിരത്തിവച്ച ഗ്ലാസുകളിൽ തട്ടാതെ കണ്ണുകെട്ടിയുള്ള റാമ്പ് വാക്കായ ‘ഗ്ലാസ് ഡാൻസ്’ ഇത്തവണ ട്രെൻഡിങ് ഒന്നില്‍ ഇടംപിടിച്ചു. മത്സരങ്ങളിലെ തോല്‍വികളെ മറന്ന് എല്ലാവരും ഒരുമിച്ച് ഓണം വൈബ് ആഘോഷമാക്കി. ഓണപ്പാട്ടുകളും തിരുവാതിരയുമെല്ലാം ആഘോഷം കൊഴുപ്പിച്ചു. വിപുലമായ ഓണസദ്യയും കുട്ടികൾക്കായി ഒരുക്കിയിരുന്നു. അവിയലും തോരനും പച്ചടിയും കിച്ചടിയും പപ്പടവും അച്ചാറും പായസവുമെല്ലാം തൂശനിലയിൽ നിറഞ്ഞപ്പോൾ വായിൽ വെള്ളമൂറി. ചില സ്‌കൂളുകളിൽ വിഭവങ്ങൾക്കുള്ള പച്ചക്കറികൾ കുട്ടികൾ വീട്ടിൽനിന്ന് കൊണ്ടുവരികയായിരുന്നു. കോട്ടൺഹിൽ ജിജിഎച്ച്‌എസ്‌എസിൽ 2800 കുട്ടികൾക്കാണ് സദ്യ ഒരുക്കിയത്. ഓണാഘോഷത്തോടെ അവധിക്കായി സ്‌കൂൾ അടച്ചു. 31ന് സ്‌കൂൾ തുറക്കും.










0 comments