തദ്ദേശവകുപ്പിലെ അന്യായ സ്ഥലംമാറ്റം
എൻജിഒ യൂണിയൻ മാർച്ച് 5ന്

തിരുവനന്തപുരം
തദ്ദേശ വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ അഞ്ചിന് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ച് നടപടി അവസാനഘട്ടത്തിലായിട്ടും പരിഗണിക്കാതെ നൂറുകണക്കിന് ജീവനക്കാരെയാണ് ദിവസവും തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നത്. കൈക്കൂലി നൽകുന്നവർക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം നൽകാൻ, രോഗികളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ളവരെപ്പോലും വിദൂര സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്. സ്ഥലംമാറ്റം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും പദ്ധതി നിർവഹണത്തെയും സ്‌തംഭിപ്പിച്ചു. കോൺഗ്രസ്–ലീഗ് അനുകൂല സർവീസ് സംഘടനകൾ സ്ഥലംമാറ്റത്തിനായി വ്യാപക പണപ്പിരിവും ഭീഷണിയും നടത്തുന്നു. ഹെഡ്ക്വാർട്ടർ ഒഴിവിൽ നിയമനം ലഭിച്ച ഓഫീസ് അറ്റൻഡർമാരെ മാറ്റി നിയമിക്കാനുള്ള നീക്കവും നടക്കുകയാണ്. ഹെഡ്ക്വാർട്ടർ വേക്കൻസിയിൽ നിയമനം ലഭിക്കുന്നവർക്ക് പകരമായി ജില്ലകളിലെ റാങ്ക് ലിസ്റ്റിൽ നിന്നുള്ളവർക്കു മാത്രമേ നിയമനം നൽകാവൂ എന്ന വ്യവസ്ഥ കാറ്റിൽ പറത്തിയാണ് ഒഎമാരെ സ്ഥലം മാറ്റുന്നത്. അന്യായ സ്ഥലംമാറ്റങ്ങൾ പുനഃപരിശോധിക്കുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് എൻജിഒ യൂണിയനും കെജിഒഎയും ഡയറക്ടറേറ്റിനുമുന്നിൽ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചത്. ഉറപ്പുകൾ പാലിക്കപ്പെടാത്തതിനാലാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്നും തുടർ പ്രക്ഷോഭങ്ങൾ അന്നേദിവസം പ്രഖ്യാപിക്കുമെന്നും എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ പറഞ്ഞു.









0 comments