ad
Deshabhimani

ഓഹരി വാങ്ങാനുള്ള ചർച്ച വേഗത്തിലാക്കി

വിഴിഞ്ഞത്ത്‌ വരും, എംഎസ്‌സി ടെർമിനൽ

 MSC Terminal to come to Vizhinjam

വിഴിഞ്ഞം തുറമുഖം

avatar
സുനീഷ്‌ ജോ

Published on Jun 05, 2026, 12:00 AM | 1 min read

തിരുവനന്തപുരം

വിഴിഞ്ഞം തുറമുഖത്ത്‌ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിങ്‌ കന്പനി എംഎസ്‌സിയുടെ ടെർമിനൽ വരാൻ സാധ്യതയേറി. ഇതിന്റെ ഭാഗമായി ഓഹരികൾ വാങ്ങും. ഇതുസംബന്ധിച്ച് അദാനി പോർട്‌സ്‌ ആൻഡ്‌ സ്‌പെഷ്യൽ ഇക്കണോമിക്‌ സോൺ ലിമിറ്റഡും (എപിഎസ്‌ഇസഡ്‌) എംഎസ്‌സി പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണ്‌. 49 ശതമാനംവരെ ഓഹരിയാണ്‌ എംഎസ്‌സി ലക്ഷ്യമിടുന്നത്‌. ഇതിന്‌ കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും അനുമതി ആവശ്യമാണ്‌. തുറമുഖം വാണിജ്യപ്രവർത്തനം ആരംഭിച്ച്‌ ഒരുവർഷത്തിനുശേഷം അതിന്റെ 25 ശതമാനം ഒഴിച്ചുള്ള ഓഹരികൾ വിൽക്കാം. കരാറിലെ ഇ‍ൗ വ്യവസ്ഥ അനുസരിച്ചാണ്‌ ഓഹരി വിപണന ചർച്ച പുരോഗമിക്കുന്നത്‌. കേരള സർക്കാർ പിപിപി മാതൃകയിൽ വികസിപ്പിച്ച രാജ്യത്തെ ഏക തുറമുഖമാണ്‌ വിഴിഞ്ഞം. 2027 ഡിസംബറിനകം തുറമുഖത്തേക്ക്‌ ചരക്കിറക്കാൻ എല്ലാ ഷിപ്പിങ്‌ കന്പനികൾക്കും തുല്യ അവകാശം ഉറപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യവസ്ഥ ചെയ്‌തിരുന്നു. ഷിപ്പിങ്‌ കന്പനികളിൽനിന്ന്‌ ചരക്കുനീക്കത്തിനും ബെർത്തിങ്ങിനും ഏകീകൃത നിരക്കാണ്‌ ഇ‍ൗടാക്കുക. വിഴിഞ്ഞത്ത്‌ ചരക്കുനീക്കം ആരംഭിച്ചശേഷം എത്തിയ 964ഓളം കപ്പലുകളിൽ മൂന്നെണ്ണമാണ്‌ എംഎസ്‌സി ഒഴിച്ചുളള കന്പനികളുടേത്‌. ഇ‍ൗ മാസം 20ന്‌ കുറഞ്ഞ സമയത്തിനകം 1000 ചരക്ക്‌ കപ്പൽ എത്തിയ തുറമുഖമെന്ന നേട്ടം വിഴിഞ്ഞത്തിന്‌ സ്വന്തമാകും. എൽഡിഎഫ്‌ സർക്കാർ സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവിൽ എംഎസ്‌സി കന്പനിയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. 24,000 ടിഇയു കണ്ടെയ്‌നർവരെ വഹിക്കാൻ കഴിയുന്ന വൻകിട കപ്പലുകൾക്ക്‌ അനായാസം വന്നുപോകാമെന്നതും സവിശേഷതയാണ്‌. ഇത്തരത്തിൽ 67ൽ അധികം അർട്ര ലാർജ്‌ കണ്ടെയ്‌നർ കപ്പലുകൾ ഇക്കാലളവിൽ എത്തി. രണ്ടാംഘട്ടം പുരോഗമിക്കുന്ന തുറമുഖത്ത്‌ 1200 മീറ്റർ ബെർത്താണ്‌ നിർമിക്കുക. ഇതിൽ 12 ഷിപ് ടു ഷോർ ക്രെയിനുകളും 27 യാർഡ്‌ ക്രെയിനുകളും സ്ഥാപിക്കും. നിലവിലുള്ള 800 മീറ്റർ ബെർത്തിൽ എട്ട്‌ ഷിപ് ടു ഷോർ ക്രെയിനുകളും 24 യാർഡ്‌ ക്രെയിനുകളുമാണ്‌ പ്രവർത്തിപ്പിക്കുന്നത്‌. നിർമാണം പൂർത്തിയാകുന്പോൾ 28,000 ടിഇയു കണ്ടെയ്‌നർ വഹിക്കാവുന്ന കപ്പലുകൾ എത്താൻ കഴിയുന്ന സ‍ൗകര്യമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home