Deshabhimani

‘മൃദംഗം, തബല കാട്ടാക്കട മൈക്കിൾ...

KATTAKKADA mychle.jpg

കാട്ടാക്കട മൈക്കിൾ (ഫയൽ ചിത്രം)

avatar
സ്വന്തം ലേഖകൻ

Published on Nov 27, 2026, 11:53 PM | 1 min read

കാട്ടാക്കട

മൃദംഗം, തബല കാട്ടാക്കട മൈക്കിൾ... ഒരുകാലത്ത് ഗാനമേളകളിലും കച്ചേരി വേദികളിലും തലയെടുപ്പുള്ള ഗായകർക്കൊപ്പം അന‍ൗൺസ്‌മെന്റിലൂടെ മുഴങ്ങിക്കേട്ട പേരാണിത്‌. പാർക്കിൻസൺസ് രോഗം ബാധിച്ച്‌ വിരലുകളുടെ താളബോധം നഷ്‌ടപ്പെട്ടെങ്കിലും മൈക്കിളണ്ണൻ ഇടയ്‌ക്കൊക്കെ തബലയെടുക്കാറുണ്ട്‌. സംഗീതലോകത്തെ ഒട്ടുമിക്ക പ്രതിഭാധനരും പാടിത്തിമിർത്തപ്പോൾ അണിയറയിൽ തന്റെ വിരലുകൾ തബലയിൽ താളമിട്ട കാലം ഓർത്തെടുക്കും. കാട്ടാക്കടക്കാർക്ക് തബലയെന്നാൽ മൈക്കിളണ്ണനാണ്. എഴുപതുകളിലേക്ക് കാലെടുത്ത് വയ്ക്കുന്ന കാട്ടാക്കട മൈക്കിളിന്റെ അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന സംഗീതസപര്യ തുല്യതകളില്ലാത്തതാണ്. കെ ജെ യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, പി ജയചന്ദ്രൻ, നെയ്യാറ്റിൻകര വാസുദേവൻ, പി സുശീല, എസ് ജാനകി, കെ എസ് ചിത്ര, ഹരിഹരൻ, എം ജി ശ്രീകുമാർ തുടങ്ങിയ പ്രമുഖർക്കുവേണ്ടി താളംപിടിച്ചു. ​‘കാറ്റുവിതച്ചവൻ' എന്ന ചിത്രത്തിന്റെ സംവിധായകനും മദ്രാസ് ക്രിസ്ത്യൻ ആർട്സ് ഡയറക്ടറുമായിരുന്ന റവ. സുവിശേഷ മുത്തുവാണ് മൈക്കിളിലെ കലാകാരനെ കണ്ടെത്തുന്നത്. പരിശീലിക്കാൻ തബല വാങ്ങി നൽകി. 17–ാം വയസ്സിൽ ശാസ്ത്രീയമായി മൃദംഗം അഭ്യസിക്കാൻ മാവേലിക്കര വേലിക്കുട്ടിനായരുടെ ശിഷ്യനാക്കി. മൃദംഗം ഐച്ഛിക വിഷയമാക്കി സംഗീത അക്കാദമിയിൽനിന്ന്‌ ഗാനപ്രവീൺ പാസായി. പ്രമുഖ സംഗീത സംവിധായകരായ ദക്ഷിണാമൂർത്തി, ദേവരാജൻ, എം കെ അർജുനൻ, എം ജി രാധാകൃഷ്ണൻ, എം ജയചന്ദ്രൻ എന്നിവരുടെയെല്ലാം ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ തന്റെ ഭാഗം ഭംഗിയാക്കി. ആകാശവാണി 1989 ൽ സംഘടിപ്പിച്ച അഖിലേന്ത്യ മത്സരത്തിൽ മൃദംഗവാദനത്തിൽ സ്വർണമെഡലും നേടി. അമേരിക്കയിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും എണ്ണമറ്റ പരിപാടികളിൽ താളമിട്ടു. പാർക്കിൻസൺസ് ബാധിതനായി കട്ടയ്ക്കോടുള്ള വസതിയിൽ വിശ്രമജീവിതം നയിക്കുകയാണിപ്പോൾ. സംഗീത അധ്യാപികയായി വിരമിച്ച സുപ്രഭയാണ് ഭാര്യ. അധ്യാപികമാരായ അനീഷ്യ, മനീഷ എന്നിവർ മക്കളാണ്. തബലതാളം ഇന്ന് കാട്ടാക്കട മൈക്കിൾ എഴുപതുകളിലേക്ക് കടക്കുന്ന ശനി വൈകിട്ട്‌ അഞ്ചിന്‌ കാട്ടാൽകൂട്ടം സാംസ്കാരിക വേദി കാട്ടാക്കട അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് ‘തബലതാളം' എന്ന പേരിൽ ആദരമൊരുക്കും. കട്ടയ്ക്കോട് ലൂഥറൻ പള്ളി ഗ്രൗണ്ടിൽ തബല വിദ്വാൻമാർ അണിനിരക്കുന്ന തബലതരംഗ്, കാട്ടാക്കട മൈക്കിൾ തബലയും മൃദംഗവും പിന്നണി വായിച്ച ഗാനങ്ങളുടെ അവതരണം ഗാനതരംഗ്‌ എന്നിവയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home