75–ാം പിറന്നാള്‍ ആഘോഷിച്ച് മെഡിക്കല്‍ കോളേജ്

സ്വന്തം ലേഖിക
Published on Nov 28, 2025, 12:00 AM | 1 min read
തിരുവനന്തപുരം
സംസ്ഥാനത്തെ ആദ്യ മെഡിക്കല്‍ കോളേജിന് 75–ാം പിറന്നാൾ. 1951- നവംബര്‍ 27 ന് സ്ഥാപിതമായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന് നിര്‍ണായക സംഭാവനകളാണ് നല്‍കിയത്. 250 സീറ്റുള്ള എംബിബിഎസ് കോഴ്‌സിന് പുറമെ 24 സ്‌പെഷ്യാലിറ്റികളും 16 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും പ്രവര്‍ത്തിക്കുന്നു. അയൽജില്ലകൾക്കും അതിര്‍ത്തിക്കടുത്തുള്ള തമിഴ്‌നാട്ടിലെ ജില്ലകൾക്കും ആശ്രയമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. ദിനം എണ്ണായിരത്തോളം പേര്‍ ഒപിയിലും അഞ്ഞൂറോളം പേര്‍ ഐപിയിലും ചികിത്സതേടുന്ന ഇവിടെ എൽഡിഎഫ് ഭരണത്തിൽ വലിയ വികസനപ്രവർത്തനങ്ങൾ നടപ്പാക്കി. 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി സർക്കാർ മേഖലയിൽ ക്രിട്ടിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ഫീറ്റല്‍ മെഡിസിന്‍, പീഡിയാട്രിക് ഗ്യാസ്ട്രോ, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. എമര്‍ജന്‍സി വിഭാഗം സെന്റര്‍ ഓഫ് എക്‌സലന്‍സാക്കി. എസ്എടി ആശുപത്രി അപൂര്‍വരോഗ ചികിത്സയ്ക്കുള്ള രാജ്യത്തെ 10 മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി. സ്‌ട്രോക്ക് സെന്ററും ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജിയും യാഥാര്‍ഥ്യമാക്കി. സർക്കാർ മേഖലയിൽ ആദ്യമായി ക്യാന്‍സര്‍ രോഗികള്‍ക്ക് നൂതന റേഡിയേഷന്‍ നല്‍കുന്ന ‘ലിനാക്’ പ്രവര്‍ത്തനം ആരംഭിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക് സ്ഥാപിച്ചു. 7.3 കോടി രൂപ ചെലവില്‍ സ്‌പെക്റ്റ് സ്‌കാന്‍ സ്ഥാപിച്ചു. വിവിധ ആരോഗ്യ ക്ഷേമ പദ്ധതികള്‍വഴി 2024– -25 സാമ്പത്തികവര്‍ഷം 125 കോടിയോളം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കി. മെഡിക്കല്‍ കോളേജ് എഴുപത്തഞ്ചാം വര്‍ഷത്തിലേക്ക് കടന്ന അവസരത്തിൽ മന്ത്രി വീണാ ജോര്‍ജ് ആശംസകള്‍ അറിയിച്ചു.










0 comments