മനോജ് വീണ്ടും ചായംചാലിച്ചു പ്രിയതമയ്‌ക്കുവേണ്ടി

എ പി മനോജ്കുമാർ ഭാര്യ ലാലി(സമീപം)ക്കായി ബോർഡ് എഴുതുന്നു
സി എസ് രജീഷ്
Published on Dec 05, 2025, 12:00 AM | 1 min read
നേമം ഒ
എൻ വി കുറുപ്പ് മുതൽ ശശി തരൂർ വരെയുള്ള നിരവധി നേതാക്കൾക്കുവേണ്ടി ചുവരെഴുത്ത് നടത്തിയ കലാകാരനാണ് മൊട്ടമൂട് സ്വദേശി എ പി മനോജ്കുമാർ. കാൽനൂറ്റാണ്ടുകാലം വിവിധ തെരഞ്ഞൈടുപ്പുകളിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം നാലുവർഷമായി വീൽചെയറിലാണ്. നീണ്ട ഇടവേളയ്‌ക്കുശേഷം വീണ്ടും ഒരു തെരഞ്ഞെടുപ്പിൽക്കൂടി അദ്ദേഹം തന്റെ ബ്രഷുകൾ ചലിപ്പിക്കുകയാണ്. മറ്റാർക്കും വേണ്ടിയല്ല, തന്റെ പ്രിയതമയ്‌ക്കായി. മനോജിന്റെ ഭാര്യ ലാലി പള്ളിച്ചൽ പഞ്ചായത്ത് കൈത്തൂർകോണം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയാണ്. തന്റെ പ്രചാരണത്തിന് പ്രീയപ്പെട്ടവന്റെ കൈയൊപ്പും വേണമെന്ന ലാലിയുടെ ആഗ്രഹത്തിന് മനോജ് എതിരുപറഞ്ഞില്ല. വിറയാർന്ന കൈകളാൽ ചായംകലർത്തി അദ്ദേഹം വീണ്ടും എഴുതി ‘സഖാവ് ലാലിയെ വിജയിപ്പിക്കുക’. പതിനെട്ടാം വയസ്സിലാണ് മനോജ് തെരഞ്ഞെടുപ്പിന് ചുവരെഴുത്ത് ആരംഭിച്ചത്. 1989ൽ കവി ഒ എൻ വി കുറുപ്പ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായപ്പോൾ ചുവരെഴുതാനായത് ജീവിതത്തിലെ വലിയ അനുഭവമാണെന്ന് മനോജ് പറയുന്നു. പിന്നീട് മൂന്ന് പതിറ്റാണ്ടുകാലം വിവിധ രാഷ്ട്രീയ പാർടികൾക്കായി പതിനായിരക്കണക്കിന് ചുവരെഴുത്തുകൾ നടത്തി. പി ഫക്കീർ ഖാൻ, കെ കരുണാകരൻ, ടി എം ജേക്കബ്, വി ശിവൻകുട്ടി, എ സമ്പത്ത്, ഐ ബി സതീഷ്, വി കെ പ്രശാന്ത്, അനൂപ് ജേക്കബ് തുടങ്ങിവരാണ് അക്കൂട്ടത്തിൽ പ്രമുഖർ. 2021 ൽ ചുവരെഴുതുന്നതിനിടെ തളർന്നു വീണ് ഒരു കാലിന്റെ ചലനശേഷി നഷ്ടമായി. കഴിഞ്ഞവർഷം രണ്ടാമത്തെ കാലും ചലിക്കാതായതോടെ ജീവിതം വീൽചെയറിലായി. ഉപജീവനമാർഗം നഷ്‌ടമായി. കുടുംബശ്രീ പ്രവർത്തകയായ ലാലിയുടെ വരുമാനത്തിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. രണ്ടു പെൺമക്കളും പഠനത്തിൽ മിടുക്കികൾ. മൂത്തമകൾ ആർദ്ര സർക്കാർ സ്കോളർഷിപ്പിലൂടെ സിവിൽ സർവീസിന് പരിശീലിക്കുകയാണ്. എൽഡിഎഫ് സർക്കാരാണ് തങ്ങൾക്ക് കൈത്താങ്ങേകുന്നതെന്നും അതുകൊണ്ടാണ് തന്റെ ഭാര്യ എൽഡിഎഫിനുവേണ്ടി മത്സരിക്കുന്നതെന്നും മനോജ് പറയുന്നു.










0 comments